ചെന്നൈയിൽ ഐപിഎൽ മത്സരം കാണാനെത്തിയപ്പോൾ ധോണിയുടെ ഭാര്യ സാക്ഷി തന്നെ കാണാൻ വന്ന് കാലിൽ വീണെന്ന് നടൻ ജയറാം. 'Dhoni's wife Sakshi is my big fan, she said that Ziva was sleeping listening to my song.; Jayaram shares his experience

ധോണിയുടെ ജീവിത പങ്കാളി സാക്ഷിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് നടൻ ജയറാം. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം കാണാൻ പോയപ്പോഴായിരുന്നു സംഭവം. സ്റ്റേഡിയത്തിലിരിക്കുമ്പോൾ സാക്ഷി തന്നെ കാണാൻ വന്നുവെന്നും കണ്ടപാടെ തന്റെ കാലിൽ വീണുവെന്നും ജയറാം പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേറെ ആരോ ആണെന്ന് വിചാരിച്ച് തന്റെ കാലിൽ വീണതാണോ എന്ന് താൻ സംശയിച്ചെന്നും പറഞ്ഞ ജയറാം എന്നാൽ അവരുടെ കുഞ്ഞിന്റെ ആയ മലയാളിയായിരുന്നുവെന്നും അവർ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്' എന്ന പാട്ട് പാടികൊടുത്തായിരുന്നു കുഞ്ഞിനെ ഉറക്കിയിരുന്നതെന്നും കൂട്ടിച്ചേർത്തു. തന്റെ പുതിയ സിനിമയായ പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ജയറാമിന്റെ പ്രതികരണം.

"ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർത്ഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു." ജയറാം പറയുന്നു.

"ഞാൻ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലിൽ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവർക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവർ ധോനിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്." ജയറാം കൂട്ടിച്ചേർത്തു.

അതേസമയം ഇരുപത് വർഷങ്ങൾക്ക് ശേഷം ജയറാമും ഉർവശിയും ഒന്നിക്കുന്ന ചിത്രമാണ് പരിമളം ആൻഡ് കോ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗി ബാബു, മിഷ്കിൻ, സാൻഡി, സഞ്ജനാ കൃഷ്ണമൂർത്തി തുടങ്ങീ താരങ്ങളും അണിനിരക്കുന്നുണ്ട്.

YouTube video player