2024 ഏപ്രിലിലാണ് പ്രേമലു 2ന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത് സർപ്രൈസ് ഹിറ്റായി മാറിയ സിനിമയായിരുന്നു പ്രേമലു. നസ്ലെനും മമിത ബൈജുവിനും വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ച ചിത്രം മലയാളത്തിന് പുറമെ ഇതര ഭാഷകളിലും വൻ ശ്രദ്ധനേടി. ബോക്സ് ഓഫീസിലും വൻ വിജയം സ്വന്തമാക്കിയ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് 2024 ഏപ്രിലിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. എന്നാൽ പ്രേമലു 2 ഉടനില്ലെന്ന് പറയുകയാണ് നിർമാതാക്കളിൽ ഒരാളും നടനുമായ ദിലീഷ് പോത്തൻ. ഒപ്പം പ്രേമലുവിന്റെ ബജറ്റിനെ കുറിച്ചും പറയുന്നുണ്ട്.
"പ്രേമലു മൂന്ന് കോടി ബജറ്റിലെടുത്ത സിനിമയല്ല. കണക്ക് തെറ്റാണ്. പത്ത് കോടി അടുത്ത് ചെലവ് വന്നിട്ടുള്ള സിനിമയാണ്. ഉറപ്പായും എട്ടിനും പത്തിനും ഇടയിൽ കോസ്റ്റ് വന്നിട്ടുണ്ട്. പ്രേമലു 2 എന്തായാലും ഉടനെ ഇല്ല. സാങ്കേതിക പ്രശ്നങ്ങളാണ് കാരണം", എന്നായിരുന്നു ദിലീഷ് പോത്തൻ പറഞ്ഞത്. ന്യു ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടന്റെ പ്രതികരണം.
ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രേമലു. റീനു -സച്ചിന്‍ എന്നീ കഥാപാത്രങ്ങളുടെ പ്രണയം പറഞ്ഞ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ വന്‍ ജനശ്രദ്ധനേടി. ഇവിടങ്ങളിലും ബോക്സ് ഓഫീസ് വേട്ട നടത്തിയിരുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. 135.9 കോടിയാണ് പ്രേമലുവിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍.



