മമ്മൂട്ടിയുമായുള്ള പിഷാരടിയുടെ അടുത്ത ബന്ധത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകന്‍. ക്ലീൻ ഇമേജില്ലാത്തവരെ അടുപ്പിക്കാത്ത മമ്മൂട്ടി, പിഷാരടിയുടെ മികച്ച സ്വഭാവഗുണങ്ങൾ കൊണ്ടാണ് അദ്ദേഹത്തെ കൂടെ നിർത്തുന്നതെന്നും പറയുന്നു.

ത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയനായ സ്ഥാനാർത്ഥിയാണ് രമേഷ് പിഷാരടി. പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായാണ് പിഷാരടി ജനവിധി തേടുന്നത്. മണ്ഡലത്തിൽ പ്രചരണ പരിപാടികളുമായി സജീവമായി നിൽക്കുന്ന രമേഷ് പിഷാരടിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയും പിഷാരടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ക്ലീൻ ഇമേജില്ലാത്ത ഒരാളേയും ഏഴയലത്ത് അടുപ്പിക്കാത്ത ആളാണ് മമ്മൂട്ടിയെന്നും പിഷാരടി സർവ്വഗുണ സമ്പന്നൻ ആയതുകൊണ്ടാണ് മമ്മൂട്ടിയുടെ വീടിന് ഉള്ളിലെ അടുക്കളവരെ കയറാൻ അനുവാദമുള്ളതെന്നും അദ്ദേഹം പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ

കാൽ നൂറ്റാണ്ടായി കറപുരളാത്ത കലാജീവിതം നയിക്കുന്ന ആളാണ് രമേഷ് പിഷാരടി. മറ്റൊരു കലാകാരന്റെ വളർച്ചയിൽ അസൂയയോ കുശുമ്പോ പാരവയ്പ്പോ ഒന്നുമില്ലാത്ത ഒരു കലാകാരനാണ് പിഷാരടി എന്നത് ഈ ഫീൽഡിലുള്ള എല്ലാവർക്കും അറിയാവുന്ന സത്യമാണ്. അദ്ദേഹത്തിന് എതിരെ പറയാൻ ആരോപണത്തിന്റെ ഒരു കണിക പോലും ഇല്ലാതെ വന്നപ്പോൾ ചിലർ കണ്ടെടുത്ത ആക്ഷേപമാണ്, ഞാൻ ജയിച്ചു കഴിഞ്ഞാൽ എന്റെ മണ്ഡലമായ പാലക്കാട്ടേക്ക് മമ്മൂട്ടിയെ കൊണ്ടുവരുമെന്ന്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് മീഡിയക്കാരോട് പിഷാരടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. പ്രചരണത്തിന് മമ്മൂട്ടി വരുമോ എന്നായിരുന്നു പിഷാരടിയോട് മീഡിയ ചോദിച്ചത്. അതിന്, പ്രചരണത്തിനായി അദ്ദേഹം വരില്ല. ജയിച്ചു കഴിഞ്ഞാൽ ഒരുദിവസം അദ്ദേഹത്തെ പാലക്കാട്ടേക്ക് കൊണ്ടുവരുമെന്നായിരുന്നു പിഷാരടിയുടെ മറുപടി. ഇങ്ങനെ പറഞ്ഞത് കൊടിയ അപരാദമാണോ?

പിന്നെ ഒരു ആരോപണം, നോമിനേഷൻ കൊടുക്കുന്നതിന് മുൻപ് മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിച്ചു എന്നതാണ്. ഇത് കേട്ടപ്പോൾ പക്ഷാപാതപരമായും സെലക്ടീവായും വല്ലപ്പോഴും വാ തുറക്കുന്ന എഴുത്തുകാരിക്ക് ഹാലിളകി. അനുഗ്രഹം വാങ്ങിക്കാൻ മമ്മൂട്ടി ആരാണ് ദൈവമോ എന്നാണ് അവർ ചോദിക്കുന്നത്. ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്നൊരു വ്യക്തിയോട് അനുഗ്രഹം വാങ്ങിക്കുന്നത് തെറ്റാണോ? ഗുരുസ്ഥാനത്ത് മമ്മൂട്ടിയെ കാണുന്നത് കൊടിയ അപരാദമാണോ?

മമ്മൂട്ടിയുടെ കൂടെ മണി അടിച്ച് നടക്കുന്ന ആളാണ് പിഷാരടി എന്നാണ് ചിലരുടെ ആക്ഷേപം. എന്നാൽ ഞാൻ മനസിലാക്കിയിരിക്കുന്ന മമ്മൂട്ടി എപ്പോഴും അപാരമായ അറിവും സ്വഭാവ ഗുണവുമൊക്കെയുള്ള ഒരാളെ തന്റെ കൂടെ കൂട്ടാറുണ്ട്. മമ്മൂട്ടിക്ക് വിജ്ഞാനപ്രധമായ കാര്യങ്ങൾ ചർച്ച ചെയ്യാനും കാര്യങ്ങളൊക്കെ അപ്ഡേറ്റ് ചെയ്യാനും വേണ്ടിയാണ്. പിഷാരടിക്ക് മുൻപ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന പലരും സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്തത് കൊണ്ടാണ് ആരും ശ്രദ്ധിക്കാതിരുന്നത്. പിഷാരിടെ ഒപ്പം കൂട്ടിയപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും. മമ്മൂട്ടിയുടെ കാര്യം പറഞ്ഞാൽ ക്ലീൻ ഇമേജില്ലാത്ത ഒരുത്തനെയും തന്റെ ഏഴയലത്ത് അടുപ്പിക്കില്ല. പിഷാരടി സർവ്വഗുണ സമ്പന്നൻ ആയതുകൊണ്ടാണ് മമ്മൂട്ടിയുടെ വീടിന് ഉള്ളിലെ അടുക്കളവരെ കയറാൻ അനുവാദമുള്ളത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming