രണ്ട് മിനിറ്റ് 58 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒരു മിനിറ്റ് 53 സെക്കന്റ് ആവുമ്പോൾ അനുഷ്ക ഷെട്ടിയെ കാണിക്കുന്നുണ്ട്.

റെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ജയസൂര്യ ചിത്രം കത്തനാരുടെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. മലയാളികൾ ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയത്തിനാകും കത്തനാർ തിരി കൊളുത്തുക എന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. ട്രെയിലർ പുറത്തുവന്നതിന് ഓരോ മൈന്യൂട്ടായിട്ടുള്ള കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. സിനിമ റിവ്യൂകൾ പറഞ്ഞ് ശ്രദ്ധനേടിയ അലിന്‍ ജോസ് പെരേര കത്തനാരിൽ ഉണ്ടോ എന്നതാണ് നിലവിലെ ചർച്ച. ട്രെയിലറിലെ ഒരു രം​ഗമാണ് അതിന് കാരണം.

രണ്ട് മിനിറ്റ് 58 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒരു മിനിറ്റ് 53 സെക്കന്റ് ആവുമ്പോൾ അനുഷ്ക ഷെട്ടിയെ കാണിക്കുന്നുണ്ട്. നെയ്ത്ത് ശാലയെന്ന് തോന്നിപ്പിക്കുന്ന പ്രദേശത്ത് കൂടെ അനുഷ്ക നടന്നു വരുന്നതാണ് രം​ഗം. ഈ ഭാ​ഗത്ത് എത്തുമ്പോൾ അലിന്‍ ജോസ് പെരേരയുടെ മുഖ സാദൃശ്യമുള്ളൊരു ആർട്ടിസ്റ്റിനെ കാണാം. ഇതിന്റെ സ്ക്രീൻ ഷോട്ട് വളരെ വേ​ഗത്തിൽ വൈറലായി മാറി. ഇത് എജെപി(അലിന്‍ ജോസ് പെരേര) തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ പറഞ്ഞത്. അനുഷ്ക ഷെട്ടിയുടെ സ്ക്രീൻ പ്രസൻസ് ഒന്നുമല്ലാതായ മൊമെന്റ് ആണിതെന്ന് പറയുന്നവരും ധാരാളമാണ്. കളിയാക്കിയവർക്കുള്ള മറുപടി എന്നും ചിലർ കമന്റിടുന്നുണ്ട്.

എന്നാൽ ഇത് താൻ അല്ലെന്ന് വ്യക്തമാക്കി അലിന്‍ ജോസ് പെരേര തന്നെ രം​ഗത്ത് എത്തിയിട്ടുണ്ട്. "ഞാന്‍ അല്ല അത്. എന്‍റെ ഒരു സുഹൃത്ത് ആ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ എന്‍റെ മുഖഛായ ഉള്ളൊരാള്‍ വന്നല്ലോ. സാധാരണ നമ്മടെ മുഖം വരുമ്പോള്‍ എഡിറ്റ് ചെയ്ത് മാറ്റും. എന്‍റെ ഫേസ് കട്ട് കണ്ടിട്ടും എഡിറ്റര്‍ എഡിറ്റ് ചെയ്തില്ലല്ലോ", എന്നായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തോട് അലിന്‍ ജോസ് പെരേര പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming