മലയാളത്തിലെ പ്രശസ്ത കുറ്റാന്വേഷണ സിനിമയായ സിബിഐയുടെ ആറാം ഭാഗം ഉടൻ വരുമെന്ന് സംവിധായകൻ കെ. മധു സ്ഥിരീകരിച്ചു. എസ്.എൻ. സ്വാമിയുടെ തിരക്കഥയിലുള്ള ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്.

ലയാള സിനിമയുടെ സ്വന്തം ജെയിംസ് ബോണ്ട് ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ കാണാൻ സാധ്യതയുള്ളു. സേതുരാമയ്യർ. സിബിഐ ഫ്രാ‍ഞ്ചൈസികളിലൂടെ മലയാളത്തിന്റെ മഹാനടൻ നിറഞ്ഞാടിയ ഈ വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്. അയ്യരുടെ മുഖ്യ ആയുധം കൂര്‍മ്മ ബുദ്ധിയാണ്. ആ ബുദ്ധി ഉപയോ​ഗിച്ച് ഏറെ രസകരമായി അണിയിച്ചൊരുക്കിയത് അഞ്ച് സിനിമകളാണ്. മലയാളത്തില്‍ കുറ്റാന്വേഷണ സിനിമകളുടെ തലവര തന്നെ മാറ്റി മറിച്ച സിനിമയുടെ ആറാം ഭാ​ഗം വരുന്നുവെന്ന വിവരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ് സംവിധായകൻ കെ. മധു.

സിബിഐ 6 ഉടനെ വരുമെന്നാണ് കെ. മധു ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞിരിക്കുന്നത്. "സിബിഐയുടെ അഞ്ച് ഭാ​ഗങ്ങളും കണ്ടവരാണോ നിങ്ങൾ. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാ​ഗവും ഇഷ്ടപ്പെട്ടോ. ആറാം ഭാ​ഗം കാണണമോ. എന്നാൽ ഉടനെ വരും. സിനിമ ഉടനെ പ്രതീക്ഷിക്കാം", എന്നായിരുന്നു കെ മധുവിന്റെ വാക്കുകൾ. പിന്നാലെ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിബിഐ 6 വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. ‘ദി പ്രീസ്റ്റ്’, ‘രേഖാചിത്രം’ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ജോഫിൻ ടി ചാക്കോ ആകും സംവിധായകനാകുക എന്നും അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്ത സിനിമകളാണ് സിബിഐ സീരീസുകൾ. 1988ൽ ആയിരുന്നു ആദ്യ സിനിമ റിലീസ് ചെയ്തത്. കോളിളക്കം ഉണ്ടാക്കിയ ഓമന കൊലക്കേസുമായെത്തിയ പടം കണ്ട് മലയാളി ഞെട്ടി. തൊട്ടടുത്ത വർഷം സിനിമാനടിയുടെ കൊലപാതക കഥ പറഞ്ഞ് ജാഗ്രത എത്തി. 5 കൊലപാതകങ്ങളിൽ ഒന്ന് ചെയ്തത് താനല്ലെന്ന പ്രതിയുടെ വെളിപ്പെടുത്തലായിരുന്നു 2004ലെ സേതുരാമയ്യർ സിബിഐക്ക് ആധാരം. 2005ൽ നേരറിയാൻ സിബിഐ. ഒരു സ്ത്രീയെ പ്രതി സ്ഥാനത്ത് നിർത്തിയ നാലാം കഥയും പ്രേക്ഷകർ കയ്യടിയോടെ വരവേറ്റു. 17 വർഷത്തെ ഇടവേളക്ക് ശേഷം അയ്യർ അഞ്ചാം വരവും നടത്തി. വൻ പ്രതീക്ഷയോടെ ആണ് ഈ ചിത്രം റിലീസ് ചെയ്തതെങ്കിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming