സെന്‍സര്‍ ബോര്‍ഡിന്‍റെ കടുംപിടുത്തത്തില്‍ ജാനകിയെ ജയന്തി ആക്കിയെന്നും പദ്മകുമാർ.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ എസ് കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നതും. ഇതിനിടെ തന്റെ സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നല്‍കിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ എം ബി പദ്മകുമാർ.
ടോക്കണ്‍ നമ്പര്‍ എന്ന തന്റെ സിനിമയ്ക്കാണ് സെൻസർ ബോർഡ് അനുമതി നൽകാത്തതെന്ന് പദ്മകുമാര്‍ പറയുന്നു. ജാനകി, എബ്രഹാം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. ഇതിൽ ഏതെങ്കിലും പേര് മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും ജാനകിയ്ക്ക് വേണ്ടി എബ്രഹാമിന്റെ പേര് മാറ്റാനാണ് പറഞ്ഞത്. എന്നാൽ ആ കഥാപാത്രത്തിന്റെ പ്രധാന്യം കാരണം സെന്‍സര്‍ ബോര്‍ഡിന്‍റെ കടുംപിടുത്തത്തില്‍ ജാനകിയെ ജയന്തി ആക്കി. ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും പദ്മകുമാർ പറഞ്ഞു.
"ജാനകിയെ കൊല്ലണമോ വേണ്ടയോ എന്ന ചർച്ചയാണ് ഇപ്പോഴിവിടെ നടക്കുന്നത്. ഇതിൽ ആദ്യത്തെ വിക്ടിം ഞാനാണ്. കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി ടോക്കൺ നമ്പർ എന്ന സിനിമ ഞാൻ സെൻസർ ചെയ്യാൻ സെൻസർ ബോർഡിനെ സമീപിച്ചത്. ഇതേ വിഷയം തന്നെ അവിടെ എനിക്കും നേരിടേണ്ടി വന്നു. ജാനകിയും എബ്രഹാമും ആണ് പ്രധാന കഥാപാത്രങ്ങൾ. ഗർഭാവസ്ഥയിൽ തന്നെ എബ്രഹാമിനെയോ ജാനകിയെയോ കൊല്ലാനായിട്ട് സെൻസർ ബോർഡ് എന്നോട് പറഞ്ഞു. ജാനകിയെ രക്ഷിക്കാൻ എബ്രഹാമിനെ കൊല്ലാനാണ് അവരെന്നോട് ആദ്യം ആവശ്യപ്പെട്ടത്. പക്ഷേ കഥാപരിസരം കാരണം എബ്രഹാമിനെ മാറ്റാൻ പറ്റില്ല. പല വാതിലുകളും മുട്ടി, പലരുടെയും കാല് പിടിച്ചു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. ഇന്നീ സമൂഹത്തിൽ ജെഎസ്കെയ്ക്ക് വേണ്ടി വാദിക്കുന്ന ഒരാളും എനിക്ക് വേണ്ടി നിന്നില്ല. എബ്രഹാമും ജാനകിയുമല്ല പലരെയും അസ്വസ്ഥത പെടുത്തിയത്. അതിന്റെ പ്രമേയം തന്നെയാണ്. സിനിമ ഇറങ്ങരുതെന്ന് ആരൊക്കെയോ ശഠിച്ചത് പോലെ എനിക്ക് തോന്നി. ഒടുവിൽ ജാനകിയ്ക്ക് പകരം ജയന്തി ആക്കി. ഒടുവിൽ വിട്ടു വീഴ്ച ചെയ്ത് സിനിമയ്ക്ക് ഈ മാസം ഒൻപതിനാണ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയത്. ജെഎസ്കെയ്ക്ക് പിന്നില്‍ എന്തൊക്കെയോ നടക്കുന്നുണ്ട്. സംതിങ് ഫിഷി", എന്ന് പദ്മകുമാർ പറയുന്നു.



