ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ അവസാന ഭാഗമാണ് ഈ ആരോപണം: രഞ്ജിത്തിന്‍റെ പ്രതികരണം
തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സർക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിനെതിരെ നടക്കുന്ന ചെളിവാരിയേറിന്‍റെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു.
എനിക്കെതിരെ വ്യക്തിപരമായി നിദ്ധ്യമായ ആരോപണമാണ് ശ്രീലേഖ മിത്ര ഉന്നയിച്ചിരിക്കുന്നത്. താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായത് മുതല്‍ ഒരുക്കൂട്ടം ആള്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ അവസാന കാര്യം എന്ന നിലയിലാണ് ഈ ആരോപണം പുറത്തുവരുന്നത്.
ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റ പരിക്ക് എളുപ്പം മാറുന്നതല്ല. എന്നാല്‍ എനിക്കെതിരായ ആരോപണത്തിലെ ഒരു ഭാഗം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്‍റെ ബാധ്യതയാണ്. അവരുടെ ഇപ്പോഴത്തെ മൊഴിയില്‍ തന്നെ വൈരുദ്ധ്യങ്ങളുണ്ട്. അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. സുഹൃത്തുക്കളുമായും വക്കീലുമായി ബന്ധപ്പെട്ട് അതിന്‍റെ നടപടിയിലേക്ക് കടക്കും.
കേരള സര്‍ക്കാറിനെതിരെയും സിപിഎമ്മിനെതിരെയും വലതുപക്ഷവും മാധ്യമങ്ങളും പല വിഷയത്തിലും ചെളിവാരി എറിയലും അധിക്ഷേപവും നടത്തുകയാണ്. അതില്‍ ഒന്ന് എന്‍റെ പേരില്‍ എന്നത് അപമാനകരമാണ്. സത്യം എന്താണെന്ന് അറിയാതെയാണ് മാധ്യമ ലോകവും ചിലരും ഈ ആക്രമണം നടത്തുന്നത്. ഞാന്‍ എന്ന വ്യക്തികാരണം സര്‍ക്കാറിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം എല്‍ക്കരുത് എന്ന് കരുതിയാണ് ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുകയാണ്.
എന്‍റെ രാജി സ്വീകരിക്കാന്‍ സംസ്കാരിക മന്ത്രിയോടും, മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്‍റെ സ്വകാര്യത ഹനിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല.
രഞ്ജിത്ത് തന്‍റെ തെറ്റ് സമ്മതിച്ചു, രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്ന് ശ്രീലേഖ മിത്ര
'ആരോപണത്തില്‍ തന്നെയാണ് രാജി': ആദ്യ പ്രതികരണം നടത്തി സിദ്ദിഖ്