ടി. പത്മനാഭന്റെ കഥകളെ ആസ്പദമാക്കി ഷെറി ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'സമസ്താ ലോക:'

ഡോ ബിജു ആദ്യമായി അഭിനയിച്ച ചിത്രം 'സമസ്താ ലോക:' ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. കഥാകൃത്ത് ടി. പത്മനാഭന്റെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷെറി ഗോവിന്ദ് ആണ്. ഇർഷാദ് അലിയും കുക്കു പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. ബിജു തന്നെയാണ് ഈ വിവരം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എന്നെ സംബന്ധിച്ച് ഇത്തവണത്തെ ഐ എഫ് എഫ് കെ മറ്റൊരു പ്രത്യേകത കൂടി നിറഞ്ഞത് ആണ്. ആദ്യമായി അഭിനയിച്ച ഒരു സിനിമ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുന്നു. ഏറെ പ്രിയപ്പെട്ട ഷെറി സംവിധാനം ചെയ്യുന്ന സമസ്താ ലോക: എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ നടൻ ആയി അരങ്ങേറിയിട്ടുണ്ട്. ചിത്രം ന്യൂ മലയാളം സിനിമയിൽ പ്രദർശിപ്പിക്കുന്നു. ഷെറിയുടെ ഏറെ നാളത്തെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നതാണ് ഈ വേഷപകർച്ചയുടെ കാരണം. പ്രിയപ്പെട്ട സുഹൃത്ത് ഇർഷാദും കുക്കു പരമേശ്വരനും ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രിയപ്പെട്ട മനോജ് കാനയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ട് . ടി പത്മനാഭന്റെ ചെറു കഥകളെ ആസ്പദമാക്കി നിർമിച്ച ഷെറിയുടെ മനോഹരമായ ഒരു സിനിമ ആണ് സമസ്താ ലോക: ഏതായാലും സംവിധാനം ചെയ്ത സിനിമയും അഭിനയിച്ച സിനിമയും ഇത്തവണ ഐ എഫ് എഫ് കെ യിൽ ഉണ്ട് എന്നത് ഒരു അപൂർവത ആണ്.

അതേസമയം ഡോ. ബിജു സംവിധാനം ചെയ്ത പപ്പ ബുക്ക ഈ വർഷത്തെ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും. വേൾഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് പപ്പ ബുക്ക. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും പപ്പ ബുക്ക എന്ന ചിത്രത്തിനുണ്ട്.

ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയും സംയുക്ത നിര്‍മാണ പങ്കാളികള്‍ ആയ 'പപ്പ ബുക്ക' പൂര്‍ണ്ണമായും പാപ്പുവ ന്യൂ ഗിനിയില്‍ ആണ് ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി ,ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.