Asianet News MalayalamAsianet News Malayalam

കേസ് ഒത്തുതീർപ്പാകും! പക്ഷേ ശ്രീനാഥ് ഭാസിക്ക് കുരുക്ക് അഴിയില്ല; മയക്കുമരുന്ന് പരിശോധന ഫലം നിർണായകം

ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 90 ദിവസം വരെ ശേഷിപ്പുകൾ കണ്ടെത്താനാകുന്ന തരത്തിലുള്ള ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്

drug test is crucial for sreenath bhasi police waiting result
Author
First Published Sep 30, 2022, 5:00 PM IST

കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്ന കേസ് ഒത്തുതീർപ്പിലേക്കെത്തുമ്പോഴും നടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. നൽകിയ പരാതി അവതാരക പിൻവലിക്കുമ്പോഴും ഇതിനോടനുബന്ധമായി പൊലീസ് നടത്തിയ ലഹരി പരിശോധനയുടെ ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാം. പരിശോധന ഫലത്തിൽ മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ തുടർ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പൊലീസ് വ്യക്തമാക്കുന്നതും.

യൂട്യൂബ് അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നു എന്ന സംശയത്തിലാണ് അന്ന് പൊലീസ് സ്വമേധയാ സാമ്പിളുകൾ ശേഖരിച്ചത്. ഇതിന് പിന്നാലെ ശാസ്ത്രീയ പരിശോധനയ്ക്ക് ഈ സാമ്പിളുകൾ അയക്കുകയും ചെയ്തിരുന്നു. നടന്‍റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയടക്കം ശേഖരിച്ചാണ് പൊലീസ് പരിശോധനക്ക് അയച്ചത്. പരാതിക്കിടയായ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തലാണ് പ്രഥമ ലക്ഷ്യം. സിനിമ രംഗത്ത് നിന്ന് തന്നെ മുമ്പുണ്ടായ പരാതികളിൽ ലഹരി പരിശോധന നടത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തവണ മുൻകരുതലെടുത്തത്. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 90 ദിവസം വരെ ശേഷിപ്പുകൾ കണ്ടെത്താനാകുന്ന തരത്തിലുള്ള ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്.

90 ദിനം വരെ ശേഷിപ്പുകൾ കണ്ടെത്തുന്ന പരിശോധന, നിർണായകം; അഭിമുഖം ലഹരി ഉപയോഗിച്ചെങ്കിൽ ശ്രീനാഥ് ഭാസി കുടുങ്ങും

അതേസമയം തന്നെ അധിക്ഷിക്കൽ വിവാദത്തിന് പിന്നാലെ നടനെ വിലിക്കിയ സിനിമ സംഘടനകളുടെ നിലപാട് തുടരും. ഇക്കാര്യത്തിൽ ഉടൻ പുനരാലോചനയില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്താൻ സിനിമ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്. പരാതിക്കാരിയായ ഓൺലൈൻ മാധ്യമപ്രവർത്തകയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് സംഘടന താത്കാലിക വിലക്ക് പ്രഖ്യാപിച്ചത്.

അതേസമയം ഇന്ന് രാവിലെയാണ് അഭിമുഖത്തിനിടെ അപമാനിച്ചെന്ന കേസ് പിൻവലിക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ ഒത്തു തീർ‍പ്പിലെത്തിയെന്നും പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും അവ‍ർ കോടതിയെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയത്. എഫ് ഐ ആ‌ർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിയും കോടതിയെ സമീപിച്ചു. ഇക്കഴിഞ്ഞ 21 ന് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞന്നായിരുന്നു അവതാരക പൊലീസിൽ നൽകിയ പരാതി.

Follow Us:
Download App:
  • android
  • ios