ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് 

കങ്കണ റണൌത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി സ്ക്രീനിലെത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഒക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ദിരാ ഗാന്ധിയോട് വലിയ സാമ്യം തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ കങ്കണയുടെ മേക്കോവര്‍. ഇപ്പോഴിതാ ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ കങ്കണയുടെ കഥാപാത്രത്തിന്‍റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കഥാപാത്രത്തിന്‍റെ സംഭാഷണം അടങ്ങുന്ന 15 സെക്കന്‍ഡ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്.

ALSO READ : ഷക്കീല അതിഥിയാവുന്ന പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ഒമര്‍ ലുലു; നല്ല സമയം ട്രെയ്‍ലര്‍ ഓണ്‍ലൈനിലൂടെ

Scroll to load tweet…

തന്‍വി കേസരി പശുമാര്‍ഥിയാണ് എമര്‍ജസിയുടെ അഡീഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്കി, സം​ഗീതം ജി വി പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും. കങ്കണയുടെ കരിയറില്‍ ശ്രദ്ധേയമാവാന്‍ പോകുന്ന കഥാപാത്രമായിരിക്കും ഇതെന്നാണ് ചലച്ചിത്ര ലോകത്തിന്‍റെ വിലയിരുത്തല്‍.