"എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്", ഷക്കീല പറയുന്നു

നടി ഷക്കീലയാണ് അതിഥി എന്ന കാരണത്താല്‍ തന്‍റെ പുതിയ ചിത്രം നല്ല സമയത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നും ട്രെയ്ലര്‍ പറഞ്ഞിരുന്ന സമയത്ത് ഓണ്‍ലൈന്‍ ആയി എത്തുമെന്നും ഒമര്‍ പറഞ്ഞു. ഷക്കീലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വിശദീകരണ വീഡിയോയിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

"കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് ട്രെയ്‍ലര്‍ ലോഞ്ച് പ്ലാന്‍ ചെയ്‍തിരുന്നു, ഇന്ന് ഏഴരയ്ക്ക്. ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ തുടങ്ങി. വൈകുന്നേരത്തോടെ അവിടെ പരിപാടി പറ്റില്ല എന്ന് അവര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഈ പരിപാടിയില്‍ പങ്കെടുക്കാനായാണ് ചേച്ചി ഇവിടേക്ക് വന്നത്. ഞങ്ങള്‍ക്ക് വിഷമമായിപ്പോയി. പിന്നെ അവര്‍ പറഞ്ഞു, നിങ്ങള്‍ മാത്രമാണെങ്കില്‍ പരിപാടി നടത്താം എന്ന്. അങ്ങനെ പ്രോഗ്രാം നടത്തുകയാണെങ്കില്‍ അത് ചേച്ചിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. അതുകൊണ്ട് ഞങ്ങള്‍ ആ പരിപാടിയേ വേണ്ടെന്നുവച്ചു. ഇന്നത്തെ പ്രോഗ്രാം റദ്ദാക്കേണ്ടിവന്നതില്‍ കോഴിക്കോടുള്ള എല്ലാവരോടും സോറി", ഒമര്‍ ലുലു വീഡിയോയില്‍ പറയുന്നു.

"എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്. കോഴിക്കോട്ടുകാരില്‍ നിന്ന് എനിക്കും കുറേ മെസേജുകള്‍ വന്നു. എനിക്ക് വലിയ വിഷമം തോന്നി. നിങ്ങളാണ് ഈ അന്തസ്സിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ നിങ്ങള്‍തന്നെ ആ അംഗീകാരം എനിക്ക് നല്‍കുന്നില്ല. അത് എന്ത് കാരണത്താല്‍ ആണെന്ന് എനിക്കറിയില്ല", എന്നാണ് സംഭവത്തില്‍ ഷക്കീലയുടെ പ്രതികരണം.

ALSO READ : വിദേശ മാര്‍ക്കറ്റുകളിലും 'ദൃശ്യം 2' തരംഗം; ആദ്യദിന കളക്ഷന്‍

ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന നല്ല സമയത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തില്‍. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.