അന്തരിച്ച നടൻ കലാഭവൻ നവാസിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ മക്കൾ പങ്കുവെച്ചു. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഭാര്യ നട്ട മൈലാഞ്ചിച്ചെടി, പിന്നീട് അദ്ദേഹത്തിന്റെ ഖബറിടത്തിൽ തണലായി വളരുന്നതിനെക്കുറിച്ച് അവർ കുറിച്ചു.
സിനിമ രംഗത്തും മിമിക്രി രംഗത്തും സജീവമായിരുന്ന നടൻ കലാഭവൻ നവാസിന്റെ വിയോഗം വലിയ ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാസമൂഹവും കേട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രിയ താരത്തിന്റെ വിയോഗം. ഇപ്പോഴിതാ പിതാവിനെ കുറിച്ചുള്ള വൈകാരികമായ ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ. കലാഭവൻ നവാസ് ഭാര്യയ്ക്ക് അവസാനമായി പാടി അയച്ചുകൊടുത്ത ഗാനത്തിന്റെ വീഐഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു മക്കളുടെ കുറിപ്പ്.
"ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്. വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടി ചട്ടിയിൽ നട്ടു. അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട് പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു പക്ഷെ കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങിതുടങ്ങിയെന്ന് ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു. അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്.
ഓഗസ്റ്റ് 8 ന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ നടാൻ കൊടുത്തുവിട്ടു. അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു. എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു." മക്കൾ കുറിച്ചു.


