മോഹന്‍ സിത്താരയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്
കൊല്‍ക്കത്തയില്‍ നടന്ന സുന്ദര്‍ബന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാര നേട്ടവുമായി മലയാള ചലച്ചിത്രം എഴുത്തോല. മികച്ച നരേറ്റീവ് ചിത്രം, മികച്ച നവാഗത സംവിധായക ചിത്രം, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസചിത്രം എന്നീ അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മോഹന്‍ സിത്താരയാണ് സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
മോഹന്‍ സിത്താരയുടെ പുരസ്കാര നേട്ടത്തെക്കുറിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ സുരേഷ് ഉണ്ണിക്കൃഷ്ണന്‍റെ വാക്കുകള്‍- "എഴുത്തോലയിലെ പശ്ചാത്തല സംഗീതത്തിലൂടെ സമ്മാനിതനായിരിക്കുന്നത് മലയാളത്തിൻ്റെ മോഹന സംഗീതകാരൻ ശ്രീ മോഹൻ സിത്താരയാണ്. ഈ അതുല്യ കലാകാരനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എൻ്റെ ഏറ്റവും വലിയ ഭാഗ്യാനുഭവമായി കാണുന്നു. നമുക്കിടയിൽ ന്യൂനമൂല്യം കൽപ്പിക്കപ്പെട്ടുപോയ അസാമാന്യ പ്രതിഭയാണ് മോഹൻ സിത്താര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മലയാളത്തിൻ്റെ സ്വന്തം ഈണങ്ങളെന്ന് അവകാശപ്പെടാവുന്ന ഗാനങ്ങളിലേയ്ക്ക് എഴുത്തോലയിലൂടെ അദ്ദേഹം മറ്റൊരു ഗാനവും ചേർക്കുകയാണ്. മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കൈതപ്രം എഴുതിയ, മധു ബാലകൃഷ്ണൻ ആലപിച്ച ആ ഗാനത്തിൻ്റെ മോഹന സംഗീതത്തിന് കേരളക്കര അദ്ദേഹത്തോട് കടപ്പെട്ടിരിക്കും എന്നത് ഉറപ്പാണ്". ഗാനത്തിന്‍റെ പ്രഥമ ആവിഷ്കാരം ജൂലൈ 8 ന് മാഞ്ചെസ്റ്ററിൽ, ആനന്ദ് ടിവി അവാർഡ്സ് വേദിയിൽ നടന്നു.
നിരവനി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലായി ഇതിനകം പതിനാറിലേറെ പുരസ്കാരങ്ങള്‍ എഴുത്തോല നേടിയിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ഇത്. ലണ്ടൻ ഇൻഡിപെൻഡന്‍ഡ് ഫിലിം അവാർഡ്സ്, ബ്രിട്ടിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേള, തുർക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള, ടാഗോർ അന്താരാഷ്ട്ര ചലച്ചിത്ര മേള, കൽക്കത്ത അന്താരാഷ്ട്ര കൾട്ട് ചലച്ചിത്ര മേള, ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള, ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയ ഫിലിം ഫെസ്റ്റിലവലുകളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ചിത്രം.
ALSO READ : 'മാമന്നന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
