ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

സമീപകാല തമിഴ് സിനിമയിലെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു മാമന്നന്‍. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ വടിവേലു ആണ് എത്തിയത്. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍‌ നായികയായത് കീര്‍ത്തി സുരേഷ് ആയിരുന്നു. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ വാരം കൊണ്ട് മാത്രം നേടിയത് 40 കോടി രൂപ ആയിരുന്നു. രണ്ട് വാരം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം 2.5 കോടി നേടിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന കഥാപാത്രം ഫഹദിന്‍റെ ഇതുവരെയുള്ള കരിയറിലെ ശ്രദ്ധേയമായ ഒന്നാണ്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാന്‍, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി.

ALSO READ : രണ്ട് ദിവസം കൊണ്ട് സിനിമ ലാഭത്തില്‍! തെലുങ്കില്‍ വന്‍ വിജയവുമായി വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍

'മാമന്നന്‍' ഒടിടി റിലീസ് ട്രെയ്‍ലര്‍