'പരസ്പരം' സീരിയലിലൂടെ പ്രശസ്തയായ നടിയും സംരംഭകയുമായ ഗായത്രി അരുൺ, മകൾ കല്യാണിയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു.
മലയാളികൾക്കു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'പരസ്‍പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരം കൂടിയാണ് ഗായത്രി. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്‍തി നേടിയിട്ടുണ്ട്.
സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. ആട എന്ന പേരിൽ സ്വന്തമായി ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഗായത്രിക്കുണ്ട്. മകൾ കല്ലു എന്നു വിളിക്കുന്ന കല്യാണിക്കൊപ്പം ഈ ബ്രാൻഡിനു വേണ്ടി ചെയ്ത ഓണം ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ ഗായത്രി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
''എത്ര പെട്ടെന്നാണ് നീ വലുതായത്! ഇന്നലെ വരെ എൻ്റെ വിരലിൽ തൂങ്ങി നടന്ന നീ, ഇന്ന് എൻ്റെ കൂടെ ഒരു കുഞ്ഞ് കൂട്ടുകാരിയെപ്പോലെ എല്ലാത്തിനും ഒപ്പം നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. വർഷങ്ങളൊക്കെ എങ്ങോട്ടാണ് കടന്നുപോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സ്നേഹവും ധൈര്യവും സന്തോഷവും നിറഞ്ഞ ഒരു നല്ല കുട്ടിയായി നീ വളരണം. എൻ്റെ രാജകുമാരി. നീ എത്ര വളർന്നാലും ജീവിതത്തിൽ എവിടെയെത്തിയാലും, നീ എപ്പോഴും എൻ്റെ കൊച്ചു പൊന്നൂസ് ആയിരിക്കും... എൻ്റെ ഏറ്റവും വലിയ അനുഗ്രഹമാണു നീ... നിന്നെ അമ്മക്കൊരുപാടിഷ്ടമാണ്!'', വീഡിയോയ്ക്കൊപ്പം ഗായത്രി കുറിച്ചത്. കല്യാണിയുടെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ വീഡിയോയിൽ ചേർത്തിട്ടുമുണ്ട്. നിരവധിയാലുകൾ ഗായത്രിയുടെ പോസ്റ്റിനു താഴെ കല്യാണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.


