തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയതിനെക്കുറിച്ച് നടൻ ഗോകുൽ സുരേഷ് പ്രതികരിച്ചു. തനിക്ക് രാഷ്ട്രീയത്തിൽ വലിയ ധാരണയില്ലെന്നും ഏത് പാർട്ടിയിലൂടെയും നാടിന് നല്ലൊരു മാറ്റം വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഗോകുൽ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നത്. പതിറ്റാണ്ടുകളായി ഇടത് കോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ബഹുഭൂരിപക്ഷത്തിൽ വിജയിച്ചെന്നതായിരുന്നു പ്രധാന ഹൈലൈറ്റ്. 50 സീറ്റുമായാണ് ബിജെപിയുടെ വിജയം. തതവസരത്തിൽ നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ വിജയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. രാഷ്ട്രീയത്തെ കുറിച്ച് അധികം ധാരണയില്ലാത്ത ആളാണെന്ന് പറഞ്ഞ ഗോകുൽ, നല്ല രീതിയിൽ നാട് വികസിച്ചാൽ മതിയായിരുന്നുവെന്ന് പറഞ്ഞു.
"പൊളിറ്റിക്സിനെ പറ്റി വലിയ ധാരണയില്ലാത്ത ആളാണ് ഞാൻ. നല്ല രീതിയിൽ നാട് വികസിച്ചാൽ മതിയായിരുന്നു. എനിക്ക് തന്നെ ഇപ്പോൾ 32 വയസായി. ജനിക്കുന്ന കാലംതൊട്ട് ഇതുവരെയും നമ്മൾ പ്രതീക്ഷിച്ച രീതിയിലുള്ള ഡെലപ്മെന്റ് ഉണ്ടായിട്ടില്ല. ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. ഈ കാലത്ത് എക്സ്പെക്ട് ചെയ്യുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതൊക്കെ സംഭവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതേത് വഴിയെങ്കിലും, ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അധികം നമ്മളെ ചൂഷണം ചെയ്യാതെ. നല്ലൊരു മാറ്റം വരണം", എന്നായിരുന്നു ഗോകുൽ സുരേഷിന്റെ വാക്കുകൾ. അതേസമയം, കേരളത്തിൽ ആദ്യമായി എത്തുന്ന ബിജെപി മേയർ ആരാണെന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്ന ചിത്രമാണ് ഗോകുലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റർടെയ്‍നറായാണ് ചിത്രം ഒരുങ്ങിയത്. ജയറാം കൈലാസ് ആയിരുന്നു സംവിധാനം. ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നൊരു സയന്‍സ് ഫിക്ഷന്‍ സിനിമയിലും ഗോകുല്‍ അഭിനയിക്കുന്നുണ്ട്. വല എന്നാണ് ചിത്രത്തിന്‍റെ പേര്. അരുണ്‍ ചന്തുവാണ് സംവിധാനം.



