മൊട്ടയടിച്ചും ഫൈറ്റ് ചെയ്തും കഷ്ടപ്പെട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാഗങ്ങൾ റിലീസായപ്പോൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയൻ. 1986 ൽ കെ.ജി വിജയകുമാർ സംവിധാനം ചെയ്ത അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ഉണ്ട പക്രു എന്ന പേരിൽ തന്നെ അദ്ദേഹം പിന്നീട് അറിയപ്പെടാൻ തുടങ്ങി. ഏറ്റവും ഉയരം കുറഞ്ഞ നായക നടനായി അഭിനയിച്ച ഗിന്നസ് റെക്കോർഡ് പക്രുവിന്റെ പേരിലാണ്.

2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലായിരുന്നു നായകനായി പക്രു എത്തിയത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമാനുഭവം പങ്കുവെക്കുകയാണ് താരം. താൻ ആദ്യമായി കണ്ട സിനിമാ താരങ്ങൾ കുതിരവട്ടം പപ്പുവും മാള അരവിന്ദനുമായിരുന്നുവെന്ന് പക്രു ഓർമ്മിക്കുന്നു. എന്നാൽ ആദ്യ സിനിമ റിലീസായപ്പോൾ തന്റെ ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞിരുന്നുവെന്നും അത് തന്നെ തകർത്ത് കളഞ്ഞുവെന്നും പക്രു പറയുന്നു.

"നാലാം ക്ലാസിൽ എത്തിയപ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. കഥാപ്രസം​ഗമാണ് അവതരിപ്പിച്ചത്. വലിയ കരഘോഷമായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള കഴിവുണ്ടെന്ന് അന്നാണ് മനസിലായത്. ബെസ്റ്റ് പെർഫോമർക്കുള്ള സമ്മാനമായി നിലവിളക്കും കിട്ടി. ആദ്യം കിട്ടിയ അം​ഗീകാരം. ഞാൻ സിനിമയിലേക്കുള്ള വഴി കണ്ടെത്തിയത് വഴി പറഞ്ഞ് കൊടുത്താണ്. ആദ്യമായി കണ്ട താരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജ​ഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണ്. ഇവർക്കൊപ്പമായിരുന്നു ആദ്യ സിനിമ." പക്രു പറയുന്നു.

"അത്ഭുത‍ദ്വീപിൽ രാജ​ഗുരുവായി അഭിനയിച്ച വെട്ടൂർ പുരുഷൻ ചേട്ടനും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശിഷ്യൻ റോളായിരുന്നു എനിക്ക്. ആ സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി. ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്."

"പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക് എന്നും പോയിരുന്നത്. സിനിമ ക്രൂവിട്ട കാറായിരുന്നു അത്. ആ കാർ യാത്രയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ആ സിനിമ റിലീസിന് വന്നപ്പോൾ എന്റെ ഭാ​ഗം അതിലുണ്ടായിരുന്നില്ല. അവർ കട്ട് ചെയ്ത് കളഞ്ഞിരുന്നു. അന്ന് ഞാൻ തകർന്ന് പോയി. സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു എന്റെ സങ്കടം. ആ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിക്കുകയും ഫൈറ്റ് ചെയ്യുകയുമെല്ലാം ഞാൻ ചെയ്തിരുന്നു." പക്രു കൂട്ടിച്ചേർത്തു.