ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന്‍ കോമ്പോ ഒന്നിക്കുമ്പോൾ എന്ത് വിസ്മയമാകും തങ്ങളെ കാത്തിരിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ വരുന്നു. പ്രമുഖ സംവിധായകനും നിർമാതാവുമായ ഹന്‍സല്‍ മെഹ്ത(ട്രൂ സ്റ്റോറി ഫിലിംസ്) ആണ് ചിത്രം നിർമിക്കുന്നത്. എ ആർ റഹ്മാൻ സം​ഗീതം സംവിധാനം നിർവഹിക്കും. റൊമാന്റിക് ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് പടമെന്നാണ് വിവരം. ‘ഇത് ഔദ്യോഗികമാണ്. ഇത് സ്പെഷ്യലാണ്’ എന്ന് കുറിച്ചാണ് പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ലിജോ ജോസ് നടത്തിയിരിക്കുന്നത്. 

കരൺ വ്യാസും പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷാവസാനം സിനിമയുടെ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രൂ സ്റ്റോറി ഫിലിംസിന്‍റെ പാര്‍ടറായ സാഹിൽ സൈഗാളിനെ ഉദ്ദരിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിജോയും എആർ റഹ്മാനും ഉൾപ്പെടുന്നൊരു മികച്ച ടീമിനൊപ്പം വലിയൊരു മാജിക് പങ്കിടാൻ തങ്ങൾ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെല്ലിശ്ശേരിയുടെ കഥപറച്ചിൽ വീക്ഷണത്തെ പ്രശംസിച്ച എ ആര്‍ റഹ്മാൻ, തങ്ങൾ മൂന്ന് പേരും ചേർന്ന് എന്താണ് സൃഷ്ടിക്കുന്നതെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അറിയിച്ചു. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന്‍ കോമ്പോ ഒന്നിക്കുമ്പോൾ എന്ത് വിസ്മയമാകും തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും ഇപ്പോള്‍.

മോഹന്‍ലാല്‍ നായകനായി എത്തിയ മലൈകോട്ടൈ വാലിബന്‍ ആണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് പി.എസ്. റഫീഖും പെല്ലിശ്ശേിയും ചേര്‍ന്നാണ്. 2024 ജനുവരിയില്‍ ആയിരുന്നു റിലീസ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് എം.ജി, ഗിന്നസ് ഹരികൃഷ്ണൻ എസ്, ദീപാലി വസിഷ്ഠ, ആൻഡ്രിയ റവേര തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്