അമിതാഭ് ബച്ചന് മുന്നില്‍ മോഹന്‍ലാലിനെ അനുകരിച്ച് ഋഷഭ് ഷെട്ടി. കോൻ ബനേഗ ക്രോർപതി സീസൺ 17ന്‍റെ വേദിയില്‍ വച്ചായിരുന്നു ഇത്. അതേസമയം, റിലീസ് ചെയ്ത് 11 ദിവസത്തിൽ 614.30 രൂപ കാന്താര 2 കളക്ട് ചെയ്തുവെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യൻ സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ചിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധായകനായും രചയിതാവായും അഭിനേതാവായും നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിൽ അടക്കം വൻ പടയോട്ടം നടത്തുകയാണ്. എങ്ങും കാന്താരയാണ് സംസാര വിഷയവും. ഇപ്പോഴിതാ കാന്താര 2ന്റെ ഗംഭീര വിജയത്തിന് പിന്നാലെ സാക്ഷാൽ അമിതാഭ് ബച്ചന് മുന്നിലും എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. കോൻ ബനേഗ ക്രോർപതി സീസൺ 17ലാണ് ഋഷഭ് അതിഥിയായി എത്തിയത്. അമിതാഭ് ബച്ചന്റെ പിറന്നാൽ ദിനമായ ഒക്ടോബർ 11ന് ആയിരുന്നു ഇത്.
ഇപ്പോഴിതാ കോൻ ബനേഗ ക്രോർപതിയിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ അനുകരിക്കുന്ന ഋഷഭ് ഷെട്ടിയുടെ വീഡിയോയാണ്. മുണ്ടും മടക്കി കുത്തി 'എന്താ മോനേ ദിനേശ' എന്ന ക്ലാസിക് ഡയലോഗ് പറയുകയാണ് ഋഷഭ്. ഇത് കേട്ടതും സദസിലുള്ളവരും അമിതാഭ് ബച്ചനും നിറകയ്യടിയോടെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. സബാഷ് എന്ന് പറഞ്ഞാണ് അമിതാഭ് ബച്ചന്റെ കയ്യടി. വീഡിയോ പുറത്തുവന്നതോടെ മോഹൻലാൽ ആരാധകർ ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒക്ടോബർ 2ന് ആയിരുന്നു കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. കാന്താര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പ്രിക്വൽ ആയതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ പ്രതീക്ഷ ഋഷഭ് ഷെട്ടി പഴാക്കിയില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു. റിലീസ് ചെയ്ത് 11 ദിവസത്തിൽ 614.30 രൂപ കാന്താര 2 കളക്ട് ചെയ്തുവെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.
125 കോടിയാണ് നിർമാണ ചെലവ്. ഹോംബാലെ ഫിലിംസ് ആയിരുന്നു നിർമ്മാണം. 'തിയേറ്ററുകളിലെ പ്രേക്ഷക പ്രതികരണം കാണുമ്പോൾ നന്ദിയും കടപ്പാടും തോന്നുകയാണ്. അതൊരു ഉത്തരവാദിത്വമായി ഞങ്ങൾ ഏറ്റെടുക്കുന്നു. ഈ വിജയം മുഴുവൻ ടീമിന്റേയും പ്രയത്നമാണ്', എന്നായിരുന്നു സിനിമയുടെ വിജയത്തിൽ ഋഷഭ് പറഞ്ഞത്.



