എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് ഹൃത്വിക് റോഷനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൈറ്റര്‍'. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായിക. അടുത്ത വര്‍ഷം സെപ്‍തംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ പുതിയ റിലീസ് തിയ്യതി ചിത്രത്തിന്റേതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

'ഫൈറ്റര്‍' 2024 ജനുവരി 25നാണ് റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക. അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.

ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്. മൊത്തം 5640 സ്ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.

Read More: കാര്‍ത്തിക് ആര്യന്റെ 'ഫ്രെഡ്ഡി', ഫസ്റ്റ് ലുക്ക് പുറത്ത്