മദ്യപാനാസക്തിയുടെ കാലം തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നെന്ന് സുനൈന

ഏത് ലഹരിക്കും അടിപ്പെടുന്ന അവസ്ഥ ഒരു വ്യക്തിയെ സംബന്ധിച്ച് ഭയാനകമായ സാഹചര്യമാണ്. ചിലര്‍ അതിന്‍റെ വഴിയെ, സ്വയം നശീകരണത്തിന്‍റെ പാതയിലൂടെത്തന്നെ മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ മറ്റുചിലര്‍ ഒരു തിരിച്ചുവരവിനായി ആശിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍റെ സഹോദരി സുനൈന റോഷന്‍ രണ്ടാമത് പറഞ്ഞ കൂട്ടത്തിലുള്ള ആളാണ്. ജീവിതത്തിന്‍റെ കാഠിന്യമേറിയ ഒരു ഘട്ടത്തില്‍ കടുത്ത മദ്യപാനാസക്തിയിലേക്ക് വീണുപോയ അവര്‍ മനശക്തി കൊണ്ട് അതിനെ മറികടന്ന് തിരികെ എത്തുകയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ആ ഘട്ടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുനൈന റോഷന്‍.

മദ്യപാനാസക്തിയുടെ കാലം തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നെന്ന് അവര്‍ പറയുന്നു. ഒരു പുതിയ അഭിമുഖത്തിലാണ് സുനൈനയുടെ തുറന്നുപറച്ചില്‍. ദിവസം മുഴുവന്‍ കുടിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നും ഓര്‍മ്മ നഷ്ടത്തിലേക്കും സ്വയം പരിക്കേല്‍പ്പിക്കുന്ന സാഹചര്യത്തിലേക്കും താന്‍ എത്തിയെന്നും അവര്‍ പറയുന്നു. വൈകാരികമായി ബുദ്ധിമുട്ടേറിയ ഒരു ജീവിതഘട്ടത്തിലാണ് ആശ്വാസത്തിനായി മദ്യത്തെ ആശ്രയിച്ചത്. എന്നാല്‍ വൈകാതെ അതൊരു ആസക്തിയായി മാറി. ഉത്കണ്ഠ മറികടക്കാന്‍ കുടിക്കാന്‍ തുടങ്ങി.

എന്നാല്‍ ഓരോ ദിവസവും എണീക്കുമ്പോള്‍ അഥിനേക്കാള്‍ വലിയ പാനിക് അറ്റാക്കുകളും ഡീഹൈഡ്രേഷനും വീണ്ടും കുടിക്കാനുള്ള തോന്നലും ഉണ്ടായി. എന്നാല്‍ കുടുംബം വൈകാതെ ഇടപെട്ടു. അച്ഛനമ്മമാര്‍ സുനൈനയുടെ ക്രെഡിറ്റ് കാര്‍ഡ് മാറ്റിവച്ചു. പണം കൊടുക്കാതെയായി. ഈ ശീലം തുടരാന്‍ ഇടയാക്കുന്ന സൗഹൃദങ്ങളില്‍ നിന്ന് മകളെ അകറ്റിനിര്‍ത്തി. അവസാനം സുനൈന തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തന്‍റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ കഠിനമായ 28 ദിവസമാണ് സുനൈന ചിലവഴിച്ചത്. ഹൃത്വിക് അടക്കമുള്ള കുടുംബാംഗങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയില്‍ തനിക്കൊപ്പം നിന്നെന്നും സുനൈന പറയുന്നു.

ALSO READ : 'എസ് ഐ ഫെലിക്സ് ലോപ്പസ്' ആയി അനൂപ് മേനോന്‍; ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഈ തനിനിറം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം