അക്കാര്യം പരിഗണിച്ചെങ്കിലും 'ജവാൻ' കാണാൻ തിയറ്ററുകളിലേക്ക് എത്തണമെന്ന് ഷാരൂഖ് ഖാൻ.

വ്യത്യസ്‍ത ലുക്കുകളിലാണ് ഷാരൂഖ് പുതിയ ചിത്രമായ 'ജവാനി'ല്‍ എത്തുന്നത്. ഇതിനകം ആ ലുക്കുകളൊക്കെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 'ജവാൻ' കാണാൻ കാരണമായി താരം പറയുന്നത് കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇനി മൊട്ടയടിച്ച് തന്നെ കാണാനാകില്ലെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്.

'ജവാനി'നായി ഞാൻ മൊട്ടയടിച്ചിട്ട് പോലുമുണ്ട്. ഇത് ഞാൻ ആദ്യമായിട്ടും അവസാനമായിട്ടുമാണ്. നിങ്ങള്‍ക്ക് വേണ്ടി അങ്ങനെ ചെയ്‍തു. അത് പരിഗണിച്ചെങ്കിലും സിനിമ കാണാൻ തിയറ്ററുകളില്‍ എത്തണം. ഇനി എന്നെ അങ്ങനെ കാണാനാകില്ലെന്നും താരം വ്യക്തമാക്കി. ദുബായ്‍യില്‍ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് താരം സംസാരിക്കുകയായിരുന്നു. ആറോ എഴോ ഗെറ്റപ്പുകളില്‍ തന്നെ ചിത്രത്തില്‍ കാണാനാകുമെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.

'ജവാൻ' ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്. 'ജവാൻ' ആസ്വദിക്കുന്നതിന് ഭാഷയും മതവുമടക്കമുള്ള വേര്‍തിരിവുകള്‍ ഇല്ലായെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. 'ജവാൻ' മികച്ച ആക്ഷൻ രംഗങ്ങളുള്ള ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രണയവും സന്തോഷവും സംഘര്‍ഷങ്ങളുമെല്ലാം ചിത്രത്തില്‍ നിറഞ്ഞിരിക്കുന്നു. ബന്ധങ്ങളെക്കുറിച്ചാണ് നമ്മുടെ സിനിമ പറയുന്നത്. ആക്ഷനപ്പുറം അനിരുദ്ധ് രവിചന്ദറിന്റെ മികച്ച സംഗീതവും 'ജവാനി'ലുണ്ട്. 'മേഴ്‍സലും' 'ബിഗിലു'മടക്കമുള്ള മാസ് സിനിമകളുടെ സംവിധായകനാണ് നമുക്കൊപ്പമുള്ളത് എന്ന സന്തോഷവുമുണ്ടെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.

നയൻതാരയാണ് നായികയായി എത്തുന്നത്. നടൻ വിജയ് സേതുപതിയും അറ്റ്‍ലിയുടെ സംവിധാനത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട്. അതിഥി വേഷത്തില്‍ ദീപിക പദുക്കോണുമുണ്ട്. സാന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ, സഞ്‍ജീത് ഭട്ടാചാര്യ, ലേഹര്‍ ഖാൻ, ആലിയ ഖുരേഷി, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര തുടങ്ങിയവരും ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന 'ജവാൻ' എന്ന ചിത്രത്തിലുണ്ട്.

Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക