പ്രണവ് മോഹൻലാലിന്റെ 'ഡീയസ് ഈറെ' എന്ന ചിത്രത്തിലെ മധുസൂദനൻ പോറ്റി എന്ന വേഷം താൻ ചെയ്യേണ്ടതായിരുന്നു എന്ന് ഷമ്മി തിലകൻ. 

രാഹുൽ സദാശിവൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഡീയസ് ഈറെ' എന്ന ചിത്രത്തിൽ ജിബിൻ ഗോപിനാഥ് അവതരിപ്പിച്ച മധുസൂദനൻ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനാണെന്ന് ഷമ്മി തിലകൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

"ലേറ്റസ്റ്റ് പ്രണവിന്റെ പടം, ഡീയസ് ഈറെയിലെ മധുസൂദനൻ പോറ്റിയുടെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു. അതിൽ നഷ്ട ബോധം തോന്നിയിട്ടില്ല. ചെയ്തിരിക്കുന്ന ആൾ അത് നന്നായിട്ടത് ചെയ്തിട്ടുണ്ട്. ഞാൻ സിനിമ കണ്ടിട്ടില്ല. അതിന്റെ ഡയറക്ടർക്കാണ് നഷ്ടബോധം ഉണ്ടായിട്ടുള്ളത്. ഷമ്മി ചേട്ടൻ ഇത് ചെയ്യുന്നില്ലെന്ന് പറഞ്ഞാൽ അത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് എന്നോട് പറഞ്ഞിരുന്നു. തുടരെത്തുടരെ സിനിമ വരാനുള്ള ഒരു സാഹചര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല." ഷമ്മി തിലകൻ പറഞ്ഞു.

അതേസമയം ഷമ്മി തിലകന്റെ ഏറ്റവും പുതിയ ചിത്രം വിലായത്ത് ബുദ്ധ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാർ ആണ്. നായക കഥാപാത്രമായ ഡബിൾ മോഹന്റെ പ്രതിനായകനായ ഭാസ്കരൻ മാസ്റ്റർ എന്ന കഥാപാത്രമായാണ് ഷമ്മി തിലകൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. പൃഥ്വിയുടെ പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രകടനമായിരുന്നു ചിത്രത്തിലെ ഷമ്മി തിലകന്റേത്.

വിലായത്ത് ബുദ്ധയ്ക്ക് ശേഷം താൻ സിനിമയിൽ നിന്നും വിരമിക്കാൻ തീരുമാനമെടുത്തു എന്ന കാര്യവും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്ന കോ ആർട്ടിസ്റ്റുകൾ താൻ അഭിനയിക്കുമ്പോൾ റിയാക്ഷൻ തരാതെ നിൽക്കുന്നുവെന്നും, അങ്ങനെ ചെയ്യാത്ത രണ്ട് പേർ പൃഥ്വിരാജും ദുൽഖറുമായിരുന്നെന്ന് ഷമ്മി തിലകൻ പറയുന്നു.

YouTube video player

ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളയ്ക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

YouTube video player