ഭരണത്തലവനായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടൻ കൃഷ്ണകുമാർ

ഭരണത്തലവന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസം അധികാരത്തിലിരുന്ന രാഷ്ട്രീയ നേതാവിനുള്ള റെക്കോര്‍ഡിന് ഉടമയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പ്രധാനമന്ത്രിപദത്തില്‍ എത്തിയതിന് ശേഷം ഒരു ദിവസം പോലും അവധിയെടുക്കാത്ത ആളാണ് മോദിയെന്നും അദ്ദേഹത്തിന് കരുത്തേകാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പത്ത് മിനിറ്റ് അധികം ജോലി ചെയ്യാമെന്നും കൃഷ്ണകുമാര്‍ പറയുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറയുന്നത്.

“പ്രധാനമന്ത്രിയായി ചുമതലയേറ്റ അന്ന് മുതല്‍ ഇന്ന് വരെ ഒറ്റ ദിവസം പോലും അദ്ദേഹം രോ​ഗബാധിതനായി അവധി എടുത്തിട്ടില്ല എന്നത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ഒരു സാധാരണ ജലദോഷം പോലും അലട്ടാതെ ഈ അസാമാന്യ ആ​രോ​ഗ്യവും ഉന്മേഷവും പ്രകൃതി തന്നെ അദ്ദേഹത്തിന് അറിഞ്ഞു നല്‍കുന്ന ഒരു വരദാനമായിരിക്കാം. ഈ ദൈവിക ഊര്‍ജ്ജമാണ് അദ്ദേഹത്തെ വിശ്രമമില്ലാതെ നയിക്കുന്നത്. 24 മണിക്കൂറും രാഷ്ട്രനന്മയ്ക്കായി ഉണര്‍ന്നിരിക്കുന്ന പ്രധാനമന്ത്രിക്ക് കരുത്തേകാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പത്ത് മിനിറ്റ് എങ്കിലും കൂടുതല്‍ അധ്വാനിക്കാം. നമ്മള്‍ ഓരോരുത്തരുടെയും ആ പത്ത് മിനിറ്റ് അദ്ദേഹത്തിന്‍റെ വിശ്രമമില്ലാത്ത യാത്രയ്ക്ക് വലിയൊരു പിന്തുണ ആയിരിക്കും”, കൃഷ്ണകുമാര്‍ പറയുന്നു. കുടുംബവുമൊത്ത് പ്രധാനമന്ത്രിയെ അടുത്തിടെ ദില്ലിയില്‍ സന്ദര്‍ശിച്ചിരുന്നു കൃഷ്ണകുമാര്‍. അത് അവിസ്മരണീയ അനുഭവമായിരുന്നെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സിക്കിം മുന്‍ മുഖ്യമന്ത്രി ആയിരുന്ന പവന്‍ കുമാര്‍ ചാംലിംഗിന്‍റെ റെക്കോര്‍ഡ് മറികടന്നാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാലം ഭരണത്തലവനായി ഇരുന്ന രാഷ്ട്രീയ നേതാവ് എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സ്വന്തമാക്കിയത്. പവന്‍ കുമാര്‍ ചാലിംഗിന്‍റെ 8930 ദിവസമെന്ന റെക്കോര്‍ഡ് ആണ് മോദി മറികടന്നത്. ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും 8931 ദിവസം നരേന്ദ്ര മോദി പിന്നിട്ടത് 22-ാം തീയതി ആയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഇതില്‍ മോദിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News