ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' സെപ്റ്റംബർ 3-ന് ആഗോള റിലീസിനെത്തുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഇത് വേഫെറർ ഫിലിംസാണ് നിർമ്മിക്കുന്നത്.

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ റിലീസിനൊരുങ്ങുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസായി എത്തും. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജേക്സ് ബിജോയ് സംഗീതം നൽകിയ ഹൈ സ്റ്റേക്സ് എന്ന മ്യൂസിക് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വലിയ കൂട്ടം കാണികളുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായി നടന്നു. ഗായകരായ വേടൻ, അർമാൻ മാലിക്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം ദുൽഖർ സൽമാനും വേദിയിൽ എത്തിയതോടെ ചടങ്ങ് വലിയ ആഘോഷമായി മാറി.

ചിത്രത്തിലെ "മഴവില്ലായേ", ‘ലൂസർ’ എന്നീ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ലോഞ്ചിനിടെ ദുൽഖർ ‘ലൂസർ’ ഗാനം ലൈവായി ആലപിച്ചതും വലിയ കയ്യടി നേടി. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തകർപ്പൻ ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ, ചിത്രമൊരുക്കുന്ന വമ്പൻ തീയേറ്റർ അനുഭവത്തിന്റെ സൂചന നൽകിയിരുന്നു. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

YouTube video player