ചിത്രത്തിന്റെ രചന, സംവിധാനം ശ്രീജിത്ത് ചന്ദ്രന്‍

ലാലു അലക്സ്, ദീപക് പറമ്പോല്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഇമ്പം ചിത്രീകണം ആരംഭിച്ചു. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രം ശ്രീജിത്ത് ചന്ദ്രന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിക്ക്‌ ശേഷം ലാലു അലക്സ് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഇമ്പം എത്തുന്നത്.

ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം എറണാകുളത്ത് നടന്നു. സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ലാല്‍ജോസ് ആണ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്. കലേഷ്‌ രാമാനന്ദ്‍ (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണ്. അതിരനിലെ പവിഴമഴ പോലെയുള്ള മനോഹരഗാനങ്ങൾക്ക് ഈണം പകര്‍ന്ന ജയഹരി ഒരുക്കുന്ന നാല് ഗാനങ്ങള്‍ ചിത്രത്തിലുണ്ടാവും. എറണാകുളം, കാലടി, പറവൂർ, തൈക്കാട്ടുശ്ശേരി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.

ALSO READ : ഭിന്നശേഷിക്കാർക്കെതിരായ കടുവയിലെ പരാമർശം, നിർമാതാക്കൾക്ക് നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

ചായാഗ്രഹണം നിജയ് ജയന്‍, എഡിറ്റിംഗ് കുര്യാക്കോസ് കുടശ്ശേരില്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, ഗാനരചന വിനായക് ശശികുമാര്‍, കലാസംവിധാനം ആഷിഫ്‌ എടയാടന്‍, വസ്ത്രാലങ്കാരം സൂര്യ ശേഖര്‍, മേക്കപ്പ് മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍ അബിന്‍ എടവനക്കാട്, പിആർഒ പി ശിവപ്രസാദ്, ഡിസൈൻ ഷിബിൻ ബാബു.