17-ാം വയസിലായിരുന്നു സല്‍ഹ വിവാഹിതയായത്. പഠിച്ച് ജോലി നേടണമെന്നൊക്കെയായിരുന്നു ആഗ്രഹിച്ചതെങ്കിലും അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് സൽഹ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും, സിലു ടോക്‌സ് എന്ന വ്‌ളോഗിലൂടെ പരിചിതമായ പേരാണ് സല്‍ഹ. തന്റെ ജീവിത വിശേഷങ്ങളെല്ലാം സൽഹ വീഡിയോയിലൂടെയായി പങ്കുവെക്കാറുണ്ട്. 17-ാം വയസിലായിരുന്നു സല്‍ഹ വിവാഹിതയായത്. പഠിച്ച് ജോലി നേടണമെന്നൊക്കെയായിരുന്നു ആഗ്രഹിച്ചതെങ്കിലും അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് സൽഹ പറഞ്ഞിട്ടുമുണ്ട്. ഇടയ്ക്ക് പഠനം തുടങ്ങിയെങ്കിലും വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങളായിരുന്നു. യൂട്യൂബ് നോക്കി പഠിച്ചാണ് സല്‍ഹ വീഡിയോ ചെയ്ത് തുടങ്ങിയയത്. ഇപ്പോളിതാ ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സല്‍ഹ. പുതിയ വ്ളോഗിലൂടെയായിരുന്നു പ്രതികരണം

''ഭര്‍ത്താവ് എവിടെ, ആളെ ഒളിപ്പിച്ച് വച്ച് റീച്ചിന് വേണ്ടിയുള്ള ശ്രമങ്ങളാണോ, ആള് വേറെ പെണ്ണ് കെട്ടിയോ, അങ്ങനെ കുറേ ചോദ്യങ്ങളാണ് വരുന്നത്. 2006ല്‍ ആയിരുന്നു വിവാഹം. എനിക്ക് 17 വയസും മൂന്നു മാസവുമായിരുന്നു അപ്പോൾ. 20 വര്‍ഷമാകുന്നു. ഇപ്പോള്‍ സെപ്പറേറ്റഡാണ്. ഞാനും അഞ്ച് മക്കളും സെപ്പറേറ്റായാണ് താമസിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കേണ്ടെന്നു കരുതിയാണ് പറയാതിരുന്നത്. തനിച്ചാണ് താമസം എന്ന് വീഡിയോയിലൂടെ പറയേണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. കുറുവ സംഘമൊക്കെയുള്ള കാലമല്ലേ, എന്നെയും മക്കളെയും തലയ്ക്കടിച്ച് കൊന്നാലോ എന്നൊക്കെയുള്ള ഭയമുണ്ട്.

എന്തുകൊണ്ട് വേര്‍പിരിഞ്ഞു, ആരാണ് തെറ്റുകാര്‍ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെയുണ്ടാവും. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. അതൊഴിവാക്കാനാണ് ശ്രമിച്ചത്. അതേക്കുറിച്ച് പറഞ്ഞ് പൈസ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. നിരന്തരം ചോദ്യങ്ങള്‍ വന്നതിനാല്‍ എനിക്ക് ഇതൊക്കെ ഇവിടെ പറയേണ്ടി വന്നു. എല്ലാം മനസിലൊതുക്കി, മുന്നോട്ട് പോവാനുള്ള ശ്രമത്തിലായിരുന്നു. പത്ത് പതിനഞ്ച് വര്‍ഷമായി പ്രശ്‌നങ്ങളിലായിരുന്നു. അങ്ങേയറ്റം പിടിച്ച് നിന്നിരുന്നു. എല്ലാം കൈവിട്ട് പോവുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്'', എന്ന് സല്‍ഹ വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming