മോഹൻലാല്‍ മാജിക് സംഭവിക്കുന്നതെന്ന് നേരിട്ടറിയാനും കഴിഞ്ഞു എന്ന് നടൻ ബിനു പപ്പു.
ബിഗ് ഡാഗ്സ് എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ മലയാളി ഹനുമാന്‍ കൈന്‍ഡിന്റെ (സൂരജ് ചെറുകാട്) ഏറ്റവും പുതിയ മ്യൂസിക് ആൽബം റൺ ഇറ്റ് അപ്പ് റിലീസ് ചെയ്‍ത നിമിഷ നേരം കൊണ്ട് ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ്. റൺ ഇറ്റ് അപ്പിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത അനുഭവം തുറന്നു പറയുകയാണ് നടൻ ബിനു പപ്പു. ബിനു പപ്പുവുമായി ബിന്ദു പി പി നടത്തിയ അഭിമുഖം.
റൺ ഇറ്റ് അപ്പിന്റെ ഭാഗമാവുന്നത് എങ്ങനെ?
സിനിമ ചെയ്യുന്നത്ര എളുപ്പമായിരുന്നില്ല റൺ ഇറ്റ് അപ്പിന്റെ ഭാഗമായി വർക്ക് ചെയ്യുന്നത്. വളരെ ഷോർട് ടൈമിൽ ഷൂട്ട് ചെയ്ത വർക്കാണ്. വെറും രണ്ടു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്ത തീർത്തതെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ല. ഹോഴ്‌സിന്റെ പോർഷൻ മാത്രമാണ് പഞ്ചാബിൽ ഷൂട്ട് ചെയ്തത്. ബാക്കിയെല്ലാം പാലക്കാട് വച്ചായിരുന്നു ഷൂട്ട്. തെയ്യവും മര്‍ദാനി ഖേലും കളരി പയറ്റും ഗരുഡൻ പറവയുമെല്ലാം പാലക്കാടാണ് ഷൂട്ട് ചെയ്‍തത്. ഹെവി സീക്വിൻസ് പാലക്കാട് തന്നെയുള്ള ഒരു ക്വാറിയിലാണ് ചെയ്തത്. ക്രൗഡ് മൾട്ടിപ്ലിക്കേഷൻ വേണ്ടന്നത് കൊണ്ടാണ് നാന്നൂറോളം ജൂനിയർ ആർട്ടിസ്റ്റമാരെ ഉൾപ്പെടുത്തിയായിരുന്നു റൺ ഇറ്റ് അപ്പ് ഒരുക്കിയത്. സിനിമയുടെ പോലെ വലിയ പ്രോജക്ടടും ഞങ്ങൾക്ക് കിട്ടിയത് വെറും രണ്ടു ദിവസമായിരുന്നു. എഫോർട്ട് കൂടുതലായിരുന്നു. ചെറിയ ഷോർട് പീരിയഡ് തന്നെയായിരുന്നു പ്രീ പ്രൊഡക്ഷനും. ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ വസീം ആണ് എന്നെ ഈ പ്രോജക്ടിലേക്ക് വിളിക്കുന്നത്. വീഡിയോ കോൺഫ്രൻസിലൂടെയായിരുന്നു പ്രീ പ്രൊഡക്ഷൻ മീറ്റിംഗുകളെല്ലാം നടന്നിരുന്നത്. ഡയറക്ടർ ബിജോയ്, ഡിഒപി ജെ ജെ ,എ ഡി ശ്രുതി ഇവരെല്ലാം മുംബൈയായിരുന്നു. അതുകൊണ്ട് തന്നെ ലൊക്കേഷൻസെല്ലാം ബ്രൗണ്‍ ക്രൂ ടീമായിരുന്നു നോക്കിയിരുന്നത്. ഷൂട്ടിന്റെ രണ്ടു ദിവസം മുൻപായിരുന്നു ബിജോയും ഡിഒപിയെല്ലാം എത്തി ലൊക്കേഷൻ ഫൈനൽ ചെയ്യുന്നത്. ഗരുഡൻ പറവ ഇൻസ്റ്റഗ്രാം റീലിൽ കണ്ടിട്ട് അത് വേണമെന്ന് ബിജോയ് പറഞ്ഞ് എന്റെ ഒരു സുഹൃത്ത് വഴി ആ പയ്യനെ വീഡിയോയുടെ ഭാഗമാക്കുകയായിരുന്നു.
ഹനുമാൻ കൈൻഡുമായുള്ള എക്സ്പീരിയൻസ്?
ഇന്ത്യൻ മ്യൂസിക്കിനെ തന്നെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ഒരാളാണ് ഹനുമാൻ കൈൻഡ്. വളരെ നോർമലായ കൃത്യമായ ലക്ഷ്യ ബോധമുള്ള ഒരാളാണ് സൂരജ്. മുൻപ് അറിയാമെങ്കിലും ഒരുമിച്ച് വർക്ക് ചെയ്തപ്പോഴാണ് കൂടുതലായി മനസിലാക്കാനും അടുക്കാനും സാധിച്ചത്. വളരെ കംഫോർട്ടായി വർക്ക് ചെയ്യാൻ കഴിഞ്ഞു. അയാളുടെ എഫോർട്ടാണ് അത്രയും നന്നായി അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞത്. അത്രയും ഇന്നായിരുന്നു അയാൾ ഈ വർക്കിൽ.

ഇത്രയും റീച്ച് പ്രതീക്ഷിച്ചിരുന്നോ?
കഴിഞ്ഞ ദിവസം ഞാൻ വസീമിനെ വിളിച്ചു പറഞ്ഞിരുന്നു. വസീം ആദ്യം വിളിച്ചപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന്. ബിഗ് ഡാഗ്സ് ബിൽ ബോർഡിൽ കേറിയ ഒന്നാണെന്നൊക്കെ അറിയാമെങ്കിലും ഇത്ര റീച്ച് പ്രതീക്ഷിച്ചിരുന്നില്ല. ഇന്‍റര്‍നാഷണലി അക്ലൈമ്ഡ് ആയ ഹനുമാൻ കൈൻഡിന്റെ വീഡിയോ റീച്ച് ആവുമെന്ന് അറിയാമെങ്കിലും ഒരിക്കലും ഇപ്പോഴുള്ളത്ര സ്വീകാര്യത ലഭിക്കുമെന്ന് പോലും കരുതുന്നില്ല. മുന്ന് ദിവസം കൊണ്ട് ആറു മില്യൺ മുകളിലാണ് കണ്ടിരിക്കുന്നത്. ആഫ്രിക്കയും യൂറോപ്പും ലാറ്റിന്‍ അമേരിക്കയുമൊക്കെയുള്ളവർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത് കാണുമ്പോഴാണ് ഇതിന്റെ ഒരു സ്കെയിൽ എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നത്. ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വേൾഡ് വൈഡ് അറ്റെൻഷൻ കിട്ടുന്നത് ഇതാദ്യമായാണ്. ആ വിഷ്വൽ ട്രീറ്റിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എടുത്ത എഫോർട്ട് മറ്റുള്ളവരിലേക്ക് എത്തിയതിൽ സന്തോഷമുണ്ട്. നിർവാണ എന്ന കമ്പനിയുടെ ഓണർ പ്രകാശ് വർമ്മ, ഗുരു ആഷിക് അബു, തരുൺ മൂർത്തി അങ്ങനെയെല്ലാവരും വിളിച്ചു പ്രശംസിച്ചു. ഇതെല്ലം രണ്ടു ദിവസം കൊണ്ട് തീർത്തുവെന്ന് പറയുമ്പോഴാണ് എല്ലാവർക്കും അത്ഭുതം.
പഴയ മോഹൻലാലിനെ തരുമോ ?
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരുവിന്റെ സെൻസറിങ് പരിപാടികൾ നടക്കുന്നു. ഏപ്രിൽ അവസാനമോ മെയ് ആദ്യമായോ റിലീസ് ചെയ്യാനുള്ള തീരുമാനമാണ്. പ്രതീക്ഷകളാണ് ജഡ്ജ്മെന്റലുകളെ തെറ്റിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിക്കുക.വളരെ നല്ലൊരു സിനിമയാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകന് വേണ്ടിയുള്ള എല്ലാ ചെരുവുകളും ഇതിലുണ്ട്. പഴയ മോഹൻലാലിനെ തരുന്നുവെന്നൊക്കെ പറയുന്നത് തെറ്റാണ്. സിനിമ മാറി, കാലഘട്ടം മാറി.കഥകൾ മാറി , ഉണ്ടാക്കുന്ന രീതി മാറി. ഈ കാലഘട്ടത്തിൽ നിങ്ങൾക്ക് തരാൻ കഴിയുന്ന രീതിയിലുള്ള ഏറ്റവും നല്ലൊരു മോഹൻലാലിനെയാണ് ഞങ്ങള്‍ നൽകുന്നത്.
മോഹൻലാലും ശോഭനയും ഒന്നിക്കുമ്പോള്‍?
എന്റെ അച്ഛന്റെ കൂടെ ഒരുപാട് സിനിമകൾ ചെയ്ത രണ്ടുപേരാണ് ലാലേട്ടനും ശോഭന മാമുമെല്ലാം. അവർക്കൊപ്പം നില്ക്കാൻ കഴിയുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇത്രയും വലിയ ലെജന്റുകൾക്കൊപ്പം അവർക്കൊപ്പം നിന്ന് ഓരോ സീൻ പറഞ്ഞു കൊടുക്കാനും ഒപ്പം അഭിനയിക്കാനും കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ സന്തോഷം. മോഹൻലാൽ എന്ന മഹാനടൻ സ്ക്രീനിൽ വിസ്‍മയം സൃഷ്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് നേരിട്ടറിയാനും കാണാനും കഴിഞ്ഞു.
സംവിധാനം ചെയ്യുന്ന സിനിമ എപ്പോൾ?
സംവിധാന സിനിമ ഇപ്പോൾ ആലോചനയിലില്ല. തുടരുവിന്റെ പരിപാടികൾ കഴിഞ്ഞാൽ ഉടനെ എന്റെ സ്ക്രിപ്റ്റ് തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ വർക്ക് തുടങ്ങും. കാസ്റ്റിംഗിലേക്ക് കടന്നിട്ടില്ല.
Read More: 'അവൾക്ക് നാലു മാസം പ്രായം, ഞങ്ങളുടെ അതിഥി'; ഒടുവില്‍ വെളിപ്പെടുത്തി നടൻ അരുൺ രാഘവൻ
