രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള വിജയുടെ അവസാന ചിത്രമാണ് 'ജനനായകന്‍' 

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരം ആരെന്ന ചോദ്യത്തിന് വിജയ് എന്ന് തന്നെയായിരുന്നു ഉത്തരം. വിജയ് ചിത്രങ്ങള്‍ ഇറങ്ങുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശം തന്നെ അതിന് സാക്ഷ്യം. കരിയര്‍ ഏറ്റവും പീക്കില്‍ നില്‍ക്കുമ്പോഴാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ വിജയ് തീരുമാനിക്കുന്നത്. അദ്ദേഹം അറിയിച്ചിരിക്കുന്നതനുസരിച്ച് അതിന് മുന്‍പ് അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്ന സിനിമയാണ് ജനനായകന്‍. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ഉള്ളത്. ഏറെ വിജയ് ആരാധകരുള്ള കേരളത്തിലും ആ പ്രീ റിലീസ് ഹൈപ്പ് അങ്ങനെ തന്നെ. ഇപ്പോഴിതാ ആ കാത്തിരിപ്പ് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റി ഉള്ള തിയറ്ററായ എറണാകുളം കവിതയിലെ ഫാന്‍സ് ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചാണ് ഇത്. ജനുവരി 9 ന് പുലര്‍ച്ചെ 4 മണിക്ക് നടത്താനിരിക്കുന്ന ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ മുഴുവനും ഇതിനകം വിറ്റുപോയിരിക്കുകയാണ്. 1130 ആണ് കവിതയുടെ സീറ്റിംഗ് കപ്പാസിറ്റി. അതേസമയം വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ബിസിനസിലും വലിയ നേട്ടം സ്വന്തമാക്കുന്നുണ്ട് ഈ ചിത്രം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റത് 78 കോടി രൂപയ്ക്ക് ആണ്.

ഈ രംഗത്തെ മുന്‍നിരക്കാരായ ഫാര്‍സ് ഫിലിംസ് ആണ് റൈറ്റ്സ് നേടിയിരിക്കുന്നത്. ഒരു വിജയ് ചിത്രത്തിന് ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. ഇതില്‍ ഏറ്റവും അധികം ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ലഭിച്ചിരിക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ്. 25 കോടിക്കാണ് അവിടുത്തെ വില്‍പ്പന. മലേഷ്യയിലെ വിതരണാവകാശം 12 കോടിക്കും സിംഗപ്പൂരിലെയും ശ്രീലങ്കയിലെയും വിതരണാവകാശത്തിന് 6.5 കോടിയുമാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ലഭിച്ചത്. 78 കോടിയിലെ ബാക്കി തുക വന്നിരിക്കുന്നത് യൂറോപ്പ്, ജിസിസി അടക്കമുള്ള മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതും വന്‍ തുകയ്ക്ക് ആണ്. 110 കോടി രൂപയ്ക്ക് ആണ് ഇത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്