ജാനകി എന്ന പേരിൽ തന്നെ സിനിമയുടെ ടൈറ്റിൽ അടക്കം പ്രസിദ്ധപ്പെടുത്തിയതാണെന്നും ഇപ്പോൾ പേര് മാറ്റണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടുണ്ടെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.

കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് അറിയിച്ച് നിർമ്മാതാക്കൾ. ജാനകി എന്ന പേരിൽ തന്നെ സിനിമയുടെ ടൈറ്റിൽ അടക്കം പ്രസിദ്ധപ്പെടുത്തിയതാണെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ ടീസർ അടക്കം പുറത്തിറങ്ങി. ഇപ്പോൾ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. ചിത്രത്തിലെ കോടതി സീനിലെ പേര് മ്യൂട്ട് ചെയ്യാൻ തയാറാണ്. പക്ഷേ പേര് മാറ്റം ബുദ്ധിമുട്ടാണെന്നും നിർമ്മാതാക്കൾ കോടതിയിൽ പറഞ്ഞു.

സെൻസർ ബോ‍ർഡിന്‍റെ ചില നിർദേശങ്ങൾ കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് നി‍ർമാതാക്കൾ കോടതിയെ അറിയിച്ചു. പദ്മാവത്, ബില്ലു ബി അടക്കം നിരവധി സിനിമകളുടെ പേരുകൾ നേരത്തെ മാറ്റിയിട്ടുണ്ടെന്നാണ് സെൻസർ ബോ‍ർ‍ഡ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, പേരിടുന്നതടക്കം കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്യത്തിന്‍റെ ഭാഗം അല്ലേയെന്നും ജാനകി എന്ന് പേര് ചരിത്ര കഥാപാത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിച്ചാൽ പോരെ എന്നും കോടതി ചോദിച്ചു. പട്ടാളം ജാനകി എന്ന് മലയാളത്തിൽ സിനിമ ഉണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജാനകി എന്ന് പേരുവെച്ച് മലയാളത്തിൽ വേറെയും സിനിമയുണ്ടെന്ന് ജസ്റ്റിസ് നഗ്രേഷ് പറഞ്ഞു. കേസ് വീണ്ടും മൂന്ന് മണിക്ക് പരി​ഗണിക്കും.