സിനിമ എന്നൊന്ന് ഇല്ലായിരുന്നെങ്കില്‍ താന്‍ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ ജയറാം. 

മലയാളികള്‍ക്കും തമിഴര്‍ക്കും മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടെയൊക്കെ പ്രിയങ്കരരനായ നടനാണ് ജയറാം. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം അദ്ദേഹം അഭിനയിച്ചു. അഭിനയത്തിന് പുറമെ താളവാദകനായും ശ്രദ്ധേയനായ ജയറാം കൃഷിയോടും വലിയ താല്‍പര്യമുള്ള ആളാണ്. കേരളത്തില്‍ അദ്ദേഹത്തിന് ഫാം ഉണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. തമിഴില്‍ അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ പരിമള ആന്‍ഡ് കോ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി തമിഴ് മാധ്യമമായ സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യങ്ങള്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാണികള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാവുന്ന പരിപാടിയിസല്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യം ഇപ്രകാരമായിരുന്നു. ‘ഒരു ദിവസം ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ സിനിമ എന്ന ഒന്ന് ഇല്ല. അങ്ങനെയെങ്കില്‍ ജയറാം എന്ത് ചെയ്യും, എവിടെ ആയിരിക്കും’? ഇതിന് ജയറാം നല്‍കിയ മറുപടി ഇങ്ങനെ- “ചെന്നൈയില്‍ ആയിരിക്കും ഉറക്കം ഉണരുന്നത്. രാവിലെ എണീക്കുമ്പോള്‍ സിനിമയില്ല, കോടമ്പാക്കം ഇല്ല, ഒന്നും ഇല്ല. എനിക്ക് കേരളത്തില്‍ കൃഷിയുണ്ട്. നേരെ അവിടേയ്ക്ക് പോകും. ഒരുപാട് വര്‍ഷങ്ങളായി ഉള്ളതാണ്. അത് ഞാന്‍ പുറമേക്ക് അധികം പ്രദര്‍ശിപ്പിക്കാറില്ല. ഫോട്ടോ എടുക്കുകയോ മറ്റുള്ളവരെ കാണിക്കാറോ ഒന്നുമില്ല. ആരും അവിടെ വന്നിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ വലിയ താല്‍പര്യം ഉള്ള ആളാണ് മമ്മൂട്ടി സാര്‍. 15 വര്‍ഷമായി അദ്ദേഹം എന്നോട് ചോദിക്കുന്നു, ഒരു തവണ എന്നെ അവിടെ കൊണ്ടു കാണിക്കാമോ എന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചിട്ടില്ല. അത് എന്‍റെ വ്യക്തിപരമായ സന്തോഷമാണ്. കൊണ്ടുപോകില്ല”, ജയറാം പറയുന്നു.

“കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലുമുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന ഇടവേളകളിലെല്ലാം ഞാന്‍ അവിടെയാണ് ഉണ്ടാവുക. സിനിമയില്‍ ആണെങ്കില്‍ ഒരു ദിവസം ആരംഭിക്കുക രാവിലെ ആറ് മണിക്ക് ആയിരിക്കും. എന്നാല്‍ ഫാമില്‍ അത് പുലര്‍ച്ചെ 3.30 ന് ആയിരിക്കും. പശുവിനെ കറക്കല്‍ എല്ലാം ആ സമയത്താണ് തുടങ്ങുക. അതൊരു 7.30- 8 മണി വരെ ഉണ്ടാവും. വൈകുന്നേരം വരെ അവിടെ ജോലികള്‍ ഉണ്ടാവും. അതില്‍ ഞാന്‍ പൂര്‍ണ്ണമായും മുഴുകും. ശരിക്കും ആസ്വദിക്കുകയും ചെയ്യും. ഇവിടെ സിനിമ ഇല്ലാതായാല്‍ നേരെ അവിടേയ്ക്ക് പോകും. എനിക്ക് മൂന്ന് തവണ കൃഷി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2005 ല്‍ മികച്ച പരിസ്ഥിതി സൗഹൃദ ഫാം, മികച്ച ഫാം, 2022 ല്‍ മികച്ച കര്‍ഷകനുള്ള കേരള സംസ്ഥാന പുരസ്കാരവും. കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഈ പുരസ്കാരത്തില്‍ എന്നെ കൂടുതല്‍ അഭിനന്ദിച്ചത്”, ജയറാം പറയുന്നത്. പിന്നെയും അധിക സമയം ലഭിച്ചാല്‍ താന്‍ ചെണ്ട കൊട്ടാന്‍ പോകുമെന്നും ജയറാം പറയുന്നു.

Salim Kumar passes away | Asianet News Live | Malayalam Live News | Kerala News Updates