ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3.
ചില സിനിമകൾ അങ്ങനെയാണ് തിയറ്ററിൽ എത്തി പരാജയപ്പെട്ടാലും പ്രേക്ഷകർ അങ്ങേറ്റെടുക്കും. ടിവിയിൽ വരുമ്പോൾ ആ സിനിമകൾ ആവർത്തിച്ചു കാണും. സോഷ്യൽ മീഡിയയിൽ പ്രശംസാ പോസ്റ്റുകൾ നിറയും. അത്തരത്തിലൊരു സിനിമയായിരുന്നു ആട്. ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാഗവും എത്തി വിജയം കൊയ്തു. നിലവിൽ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് പാപ്പനും പിള്ളേരും.
ആട് 3യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇപ്പോള്‍. ഒപ്പമൊരു വീഡിയോയും ഉണ്ട്. പ്രീ പ്രൊഡക്ഷൻ വർക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും ചില സീനുകളും ഉൾപ്പടുത്തിയുള്ളതാണ് വീഡിയോ. മിഥുന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ആട് 3. 2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗം വരുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു. മെയ് 15 മുതൽ ആട് 3യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൂജ വേളയിൽ മിഥുൻ മാനുവൽ പറഞ്ഞിരുന്നു. ആട് 3 സോംബി ചിത്രമല്ലെന്നും എപ്പിക് ഫാന്റസി മോഡിലുള്ളതാണെന്നും മിഥുൻ അന്ന് പറഞ്ഞു.
ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. വേറെ ഏതൊക്കെ സിനിമകൾ ചെയ്താലും എവിടെയെങ്കിലും പോകുമ്പോൾ ആളുകൾ ഷാജി പാപ്പാ എന്നാണ് വിളിക്കാറെന്നും അത് വല്ലാത്ത സന്തോഷമാണെന്നും ജയസൂര്യ പറഞ്ഞിരുന്നു. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.



