'മിറാഷ്' എന്ന ചിത്രത്തിന്റെ പരാജയത്തിന് പ്രധാന കാരണം താൻ തന്നെയാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. തന്റെ സിനിമകളിൽ പ്രേക്ഷകർ ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നതും, അത് കണ്ടെത്താൻ ശ്രമിക്കുന്നതും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചുവെന്നും ജീത്തു പറയുന്നു.
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു 'മിറാഷ്'. അപർണ ബാലമുരളിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മിറാഷ്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് ഒടിടിയിൽ വലിയ വിമർശങ്ങൾ നേദ്രിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെപരാജയ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
സിനിമ പരാജയപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നെന്നും, എന്നാൽ പ്രധാന കാരണം താൻ തന്നെയായിരുന്നുവെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. "പ്രധാന കാരണം ഞാന്‍ തന്നെയാണ്. എന്റെ ഒരു സിനിമ വരുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷയുണ്ടാകും. പലരും പ്രഡിക്റ്റബിൾ ആയിരുന്നെന്ന് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടു. പോസിറ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും വന്നു. എന്റെ സിനിമയെക്കുറിച്ച് പലരും പറയുന്ന കാര്യം എവിടെയാണ് ട്വിസ്റ്റ്, ഏത് കഥാപാത്രമാണ് മാറുക എന്ന് കണ്ടുപിടിക്കാനുള്ള വാശിയിലാണ് തങ്ങള്‍ എന്നാണ്. നിങ്ങള്‍ അങ്ങനെയൊരു വാശിയില്ലാതെ, സിനിമയെ സിനിമയായി കാണൂവെന്ന് ഞാന്‍ പറയും. മിറാഷില്‍ അഞ്ച് കഥാപാത്രങ്ങളാണുള്ളത്. ഈ അഞ്ചു പേരും മാറുമെന്ന് നേരത്തെ സംശയിച്ചാല്‍ പിന്നീട് അത് സംഭവിക്കുമ്പോള്‍ ഇത് താന്‍ നേരത്തേ പറഞ്ഞതല്ലേ എന്നാകും." ജീത്തു പറയുന്നു
'ചിലര്‍ ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞു'
"എന്റെ സിനിമകളോട് അങ്ങനൊയൊരു സമീപനം ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ ട്വിസ്റ്റിലോ സസ്‌പെന്‍സിലോ അല്ല, മിറാഷ് എന്ന പേരിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ആ ഏരിയയിലാണ് ഞാന്‍ ശ്രദ്ധിച്ചത്. ഓരോ കഥാപാത്രത്തിനും ഓരോ മാറ്റം വരുമ്പോള്‍ ട്വിസ്റ്റ് ആയെന്ന് പറയും. ചിലര്‍ ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞു. പക്ഷെ സിനിമയില്‍ മൊത്തം ഞാന്‍ ശ്രമിച്ചത് മിറാഷ് എഫക്ടിലായിരുന്നു, മിറാഷ് എന്ന ആശയം തന്നെ ഡബിള്‍ ഫേസ്, അല്ലെങ്കില്‍ സെക്കന്റ് പേഴ്‌സണാലിറ്റി എന്നതാണ്. മിറാഷില്‍ റിസ്‌ക് എലമെന്റ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയാമായിരുന്നു." സ്ക്രീനിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.


