ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗാനമെത്തും
ബോളിവുഡ് അടുത്ത വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ് പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് അതിന് പ്രധാന കാരണം. എന്നാല്‍ റിലീസിന് ഒരു മാസം ബാക്കിനില്‍ക്കെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത് മറ്റൊരു കാരണത്താലായിരുന്നു. ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനമായിരുന്നു അത്. ചിത്രത്തിലെ കഴിഞ്ഞ വാരമെത്തിയ വീഡിയോ സോംഗില്‍ നായിക ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ബഹിഷ്കരണാഹ്വാനം ഉണ്ടായത്. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത ഗാനം നാളെ പുറത്തിറങ്ങാനിരിക്കുകയാണ്.
ഝൂമേ ജോ പഠാന്‍ എന്ന രണ്ടാം ഗാനം 22 ന് പുറത്തെത്തുമെന്ന് ഇന്നലെത്തന്നെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗാനമെത്തും. അണിയറക്കാര്‍ ഈ ഗാനങ്ങളുടെ യുട്യൂബ് ലിങ്കുകള്‍ ഇന്ന് ഉച്ചയോടെ അവതരിപ്പിച്ചിരുന്നു. അതേസമയം ട്വിറ്ററില്‍ ഈ ഗാനത്തിന്‍റെ പേര് ഇതിനകം തന്നെ ട്രെന്‍ഡിംഗ് ടോപ്പിക് ആയി മാറിയിട്ടുണ്ട്. 34,000 ല്‍ അധികം ട്വീറ്റുകളാണ് #JhoomeJoPathaan എന്ന ഹാഷ് ടാഗില്‍ ഇതിനകം ട്വിറ്ററില്‍ വന്നിരിക്കുന്നത്.
ബഷറം രംഗിലേതുപോലെ ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ഗാനത്തിലുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.
