Asianet News MalayalamAsianet News Malayalam

മക്കൾക്ക് വേണ്ടി പോരാടുന്ന അമ്മ; നിരാശപ്പെടുത്തില്ല 'അണ്ടർ ദ ക്വീൻസ് അംബ്രല്ല'

ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നത് കഥയുടെ വ്യത്യസ്തതയാണ്. വെല്ലുവിളികൾ നേരിടുന്ന രാജാവും പ്രണയവും ഒന്നുമല്ല ഇവിടെ കേന്ദ്രമാകുന്നത്. മറിച്ച് മക്കൾക്ക് വേണ്ടി പോരാടുന്ന അമ്മയാണ്.

k drama Under the Queen's Umbrella review
Author
First Published Dec 17, 2022, 9:31 PM IST

കൊട്ടാരത്തിനകത്തെ അധികാരത്തർക്കം, മൂപ്പിളമ തർക്കം, ഗൂഢാലോചനകൾ, അതിക്രമം, അടിച്ചമർത്തൽ, രാജാക്കൻമാരുടെയും രാജകുമാരൻമാരുടെയും പ്രണയം അങ്ങനെ അങ്ങനെ ജോസൺ രാജവംശവും രാജഭരണവും പശ്ചാത്തലമായി എത്ര എത്ര പരമ്പരകൾ. രാജകുമാരനായും രാജാവായും റാണിയായും ഒക്കെയുള്ള വേഷപ്പകർച്ചകൾ എത്ര നന്നായി എന്നത് കെ ഡ്രാമ ലോകത്തെ വിജയത്തിന്റെ തന്നെ ഘടകമാണ്. കഴിഞ്ഞു പോയ കാലം പല പല വിഷയങ്ങളിലായി മുന്നിൽ അവതരിപ്പിക്കപ്പെടുന്നത് രസകരമാണ്. അതുകൊണ്ടാണ് ഹിസ്റ്റോറിക്/ റോയൽ പരമ്പരകളുടെ ഇടയിലെ  ഇടവേളകൾക്ക് നീളം കുറവായിരിക്കുന്നത്. ആ ശ്രേണിയിൽ ഒടുവിൽ ഇറങ്ങിയ പരമ്പരയാണ് അണ്ടർ ദ ക്വീൻസ് അംബ്രല്ല/ Under the Queen's Umbrella അഥവാ റാണിയുടെ കുടക്കീഴിൽ. 

രാജാവായ യീ ഹോവിന്റെ പട്ടമഹിർഷി അഥവാ രാജ്ഞിയാണ്  ഇം ഹ്വാ റിയോങ്. അവരുടെ മൂത്തമകൻ യീ ദാം ആണ് അനന്തരവാകാശി. മറ്റ് നാല് ആൺമക്കൾ കൂടി റാണിക്കുണ്ട്. രണ്ടാമൻ യീ കാങ്. കുഞ്ഞായിരിക്കുമ്പോൾ കുറച്ചു കാലം കൊട്ടാരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് കാങ്ങിന്. അതിന്റെ ഒരു ഈ‌ർഷ്യ അവനുണ്ട്. അധികം വർത്തമാനമൊന്നും ഇല്ലെങ്കിൽ ആൾ ധീരനും കരുണയുള്ളവനും ബുദ്ധിമാനുമാണ്. മൂന്നാമൻ യീ മൂൻ ഒരു രസികനാണ്, മടിയനും തല്ലുകൊള്ളിയുമായ യീ മൂൻ ഇടക്കിടെ അമ്മക്ക് തലവേദനയുണ്ടാക്കും. നാലാമൻ നല്ല ഇരുത്തംവന്ന ബുദ്ധിയുള്ള യീ ഹ്വാൻ. ഇളയവൻ യീ യുൽ. വാനശാസ്ത്രത്തിലാണ് കമ്പം.

 രാജാവിന് കുറേ ഭാര്യമാരുണ്ട്. കൂട്ടത്തിൽ പ്രമുഖ ഗ്വി ഇൻ ഹ്വാങ്. മന്ത്രിസഭയിലെ പ്രമുഖന്റെ മകൾ. മകൻ ഉയ്സോങ്ങിനെ കിരീടാവാകാശി ആക്കണമെന്ന് ഒറ്റക്കാലിൽ നിൽക്കുന്നു. കാരണം രാജ്ഞിയാകേണ്ടിയിരുന്നത് താനാണെന്ന കാര്യത്തിൽ ഹ്വാങ്ങിന് സംശയമേയില്ല. സോ യങ് തേ, ഗ്വി ഇൻ ഗോ എന്നിവരാണ് മക്കളെ രാജാവകാശിയാക്കാൻ കൂടുതൽ കമ്പമുള്ള മറ്റ് ഭാര്യമാർ. രാജ്ഞിയുടെ മക്കളാണ് രാജകുമാരൻമാരുടെ കൂട്ടത്തിൽ ഉഴപ്പൻമാർ. കൊട്ടാരത്തിലെ മൂപ്പിളമ ചട്ടപ്രകാരം അവർക്ക് അങ്ങനെ പഠിക്കുകയോ ഉത്തരവാദിത്തമേറ്റെടുക്കുകയോ വേണ്ട. ഇക്കാര്യം പറ‌ഞ്ഞ് രാജമാതാവ് , യീ ഹോവ് രാജാവിന്റെ അമ്മ, ഇടയ്ക്കിടെ രാജ്ഞിയെ കുത്തിപ്പറയാറുണ്ട്, വിമർശിക്കാറുണ്ട്.

k drama Under the Queen's Umbrella review

റാണിയല്ലാതിരുന്നിട്ടും തന്റെ മകനെ രാജാവാക്കിയ കഥയും അതിന് താനെടുത്ത ശ്രമങ്ങളും ധൈര്യവും ഇടയ്ക്കിടെ പറയാറുണ്ട് രാജമാതാവ്. രാജ്ഞിയുടെ മക്കൾ തന്നെ രാജാവകണമെന്ന് നിർബന്ധമില്ലെന്നാണ് പറഞ്ഞതിന് ചുരുക്കം. 
മൂത്തമകന് അസുഖം വരുന്നതോടെ രാഞ്ജി തന്റെ മക്കളെ ഉത്തരവാദിത്തം പഠിപ്പിക്കാൻ തീരുമാനിക്കുന്നു. ഓരോരുത്തരുടെയും പിന്നാലെ നടന്ന് ചെവിക്ക് പിടിച്ച് അവർ ഗുണദോഷിക്കുന്നു. രാജകുമാരൻ മരിച്ചതിന് പിന്നാലെ രാജ്ഞിയുടെ ഉത്തരവാദിത്തം കൂടുന്നു. ഹീമോഫിലീയക്ക് സമാനമായ അസുഖം കാരണമാണ് മകൻ മരിച്ചതെന്നാണ് നിഗമനം. പക്ഷേ വിഷബാധയാണ് റാണി സംശയിക്കുന്നത്. കാരണം ഇതിനുമുമ്പുള്ള രാജകുമാരൻ. അതായത്, ഭർത്താവായ ഇപ്പോഴത്തെ രാജാവിന്റെ മൂത്ത സഹോദരനും സമാനമായ ലക്ഷണങ്ങളോടെയാണ് മരിച്ചത്. 

ആ കുടുംബത്തിന് വന്ന ദുർഗതിയും രാജ്ഞിയിൽ കൂടുതൽ കരുതൽ ഉള്ളവളാക്കുന്നു. മക്കളെ നന്നാക്കാൻ രാജ്ഞിക്ക് കഴിഞ്ഞോ? മുമ്പത്തെ രാജമരണത്തിൽ രാജമാതാവിനുള്ള പങ്കെന്ത്? പുതിയ കിരീടാവകാശിയെ കണ്ടെത്താനുള്ള മത്സരത്തിൽ രാജ്ഞിയുടെ മക്കൾ വിജയിക്കുമോ? രാജാവാകാനായി മറ്റ് ഭാര്യമാർ എന്തൊക്കെ കുതന്ത്രങ്ങൾ പ്രയോഗിക്കും? ശരിക്കും യീ ദാം രാജകുമാരൻ മരിച്ചതെങ്ങനെ? ഏറ്റവും നല്ല കിരീടാവകാശിയെ രാജാവ് എങ്ങനെ തെരഞ്ഞെടുക്കും? അതീവ രസകരമായി, ത്രില്ലടിപ്പിക്കും വിധം ചോദ്യങ്ങൾക്കുത്തരം തരും പരമ്പര.

ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നത് കഥയുടെ വ്യത്യസ്തതയാണ്. വെല്ലുവിളികൾ നേരിടുന്ന രാജാവും പ്രണയവും ഒന്നുമല്ല ഇവിടെ കേന്ദ്രമാകുന്നത്. മറിച്ച് മക്കൾക്ക് വേണ്ടി പോരാടുന്ന അമ്മയാണ്. അവരുടെ എതിരാളി മറ്റൊരമ്മയാണ്. പ്രധാന കഥാപാത്രങ്ങളായി നമ്മെ രസിപ്പിക്കുന്നത് യുവതാരങ്ങളല്ല. മറിച്ച് കൊറിയൻ അഭിനയരംഗത്തെ തലമുതിർന്ന സാന്നിധ്യങ്ങളായ കിം ഹൈ സൂ, കിം ഹേയ് സൂക്, ചോയ് വോൻ യങ് എന്നിവരാണ്. സീനിയേഴ്സിനൊപ്പം വേഷമിടുന്ന പുത്തൻ തലമുറക്കാരും മോശമാക്കിയിട്ടില്ല. റാണിയുടെ കുടക്കീഴിൽ നിങ്ങൾക്കും കയറിനിൽക്കാം. നിരാശപ്പെടില്ല. അതുറപ്പ്.

ഹിന്ദുത്വത്തെ അപമാനിക്കുന്നു; ‘പഠാനെ’തിരെ കേസെടുത്ത് മുംബൈ പൊലീസ്

Follow Us:
Download App:
  • android
  • ios