ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കും

പൃഥ്വിരാജിന്‍റെ അപ്‍കമിംഗ് ഫിലിമോഗ്രഫിയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് കാളിയന്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം കൊവിഡ് അടക്കമുള്ള പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാണം വരുന്ന ഡിസംബറില്‍ ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ നിലവില്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു പുതിയ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

വേണാടും മധുരയുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. ഒരു മല മുകളില്‍ ആയുധധാരിയായി കുതിരപ്പുറത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ടൈറ്റില്‍ കഥാപാത്രമാണ് പോസ്റ്ററില്‍. മാധ്യമ പ്രവര്‍ത്തകന്‍ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ്. കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് കാലിയന് സംഗീതം പകരുന്നത്. പി ടി അനില്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈന്‍. വസ്ത്രാലങ്കാരം സുജിത് സുധാകർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നിരവധി കളരിപ്പയറ്റ് രംഗങ്ങളും ഉണ്ടാവും.

ALSO READ : നാല്‍പതാം പിറന്നാള്‍ നിറവില്‍ പൃഥ്വിരാജ്; വരാനിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും സര്‍പ്രൈസുകള്‍

അതേസമയം പൃഥ്വിരാജിന്‍റെ പിറന്നാളിനോടനുബന്ധിച്ച് തെലുങ്ക് ചിത്രം സലാറിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ചിത്രം കാണണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.