ഒരു നിമിഷത്തെ തോന്നല്‍, അന്ന് ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു: കമൽഹാസൻ
ആത്മഹത്യ എന്നത് ഒരു നിമിഷത്തെ തോന്നല്‍ മാത്രമാണെന്നും കമല്‍ഹാസന്‍.

ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത നടനാണ് കമൽഹാസൻ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം ചെയ്യാത്ത കാര്യങ്ങൾ ഒന്നുമില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ കമൽഹാസനെ ഏവരും സ്നേഹത്തോടെ വിളിച്ചു 'ഉലകനായകൻ, സകലകലാവല്ലഭൻ'. ഇന്നും വേറിട്ട കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന കമൽഹാസൻ ആത്മഹത്യയെ കുറിച്ച് ഒരിക്കൽ ചിന്തിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ.
ഇരുപത്, ഇരുപത്ത് ഒന്ന് വയസായിരുന്ന സമയത്താണ് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്ന് കമൽഹാസൻ പറയുന്നു. ചെന്നൈ ലയോള കോളേജ് വിദ്യാർത്ഥികളുമായി സംവാദിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വലിയ നടനായിട്ടും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും മരിച്ചു പോയാൽ എല്ലാവരും ശ്രദ്ധിക്കുമെന്ന് അന്ന് കരുതിയെന്നും കമൽഹാസൻ പറയുന്നു.
'ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്‌ലാമിൽ ഇബിലീസ് എന്ന് പറയും..'; 'എമ്പുരാന്റെ' വരവ് കാത്ത് ആരാധകർ
കമൽഹാസന്റെ വാക്കുകൾ ഇങ്ങനെ
ഇരുപത്, ഇരുപത്തൊന്ന് വയസിൽ ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. മുൻപും ഇതേപറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. നമുക്ക് നമ്മളെ കുറിച്ച് അമിത ആത്മവിശ്വാസം എപ്പോഴും ഉണ്ടാകും. ഞാൻ ഇത്രയും വലിയ നടനായിട്ടും എന്നെ ആരും ശ്രദ്ധിക്കുന്നില്ല പരിഗണിക്കുന്നില്ല എന്ന് ഞാൻ വിചാരിച്ചു. ഞാൻ മരിച്ച് പോയാൽ ഇത്രയും നല്ലൊരു കലാകാരനായിരുന്നു എന്ന് പറഞ്ഞ് ആളുകൾ ശ്രദ്ധിക്കുമെന്ന് ചിന്തിച്ചു. ഗൗരവമായി തന്നെ അതിനെ പറ്റി ഞാൻ ചിന്തിച്ചു. അന്ന് അനന്തു എന്നൊരു ഗുരു എനിക്ക് ഉണ്ടായിരുന്നു. പോടാ മഠയാ, നീ ബുദ്ധിശാലി ആണെങ്കില്‍ ഞാന്‍ പിന്നെ ആരാ? ഞാന്‍ എത്രയോ സിനിമകളിൽ അഭിനയിച്ചു. എന്നിട്ട് ആരെങ്കിലും തിരിച്ചറിഞ്ഞോ. എന്നിട്ടും ഞാൻ ജോലി ചെയ്യുന്നില്ലേ. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് എന്നോട് പറഞ്ഞു.
ഒരിക്കൽ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ഞാൻ അതേപറ്റി സംസാരിക്കാനോ ഉപദേശിക്കാനോ അർഹനല്ല. എന്നിരുന്നാലും കൊലപാതകത്തിലും ഒട്ടും ചെറിയ കാര്യമല്ലത്. അത് ക്രൈം ആണ്. ഒരു കുഞ്ഞിനെ കൊല്ലുന്നത് തെറ്റാണെന്ന് പറയുമ്പോലെ കുറ്റമാണ് നമ്മുടെ മാതാപിതാക്കളുടെ കുഞ്ഞിനെ (നമ്മളെ ) കൊല്ലുന്നത് എന്നാണ് ചിന്തകനായ ചോ പറഞ്ഞിട്ടുള്ളത്. ഒട്ടും ദയയില്ലാത്ത രീതിയാണത്. അത് ചെയ്യരുത്. ഇരുട്ട് എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കില്ല. ഒരുനാൾ വെയിൽ വരുക തന്നെ ചെയ്യും. അതുവരെ ഒന്ന് കാത്തിരിക്കൂ. ഇരുട്ടായിരിക്കുമ്പോൾ പേടി തോന്നുന്നുണ്ടെങ്കിൽ, ആ ഇരുട്ടിനെ പ്രകാശമാക്കാൻ സ്വപ്നം കാണൂ. കലാം സാർ പറഞ്ഞത് പോലെ. ആത്മഹത്യ എന്നത് ഒരു നിമിഷത്തെ തോന്നല്‍ മാത്രമാണ്. ആ നേരത്ത് എനിക്ക് അനന്തു വന്നത് പോലെ, എടാ മുട്ടാൾ എന്ന് വിളിച്ച് പിന്തിരിപ്പിക്കാന്‍ ഒരാൾ ഉണ്ടായാല്‍ മതി. ഇത് കേൾക്കുന്നവർക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)