രജനികാന്തിന്‍റെ 173-ാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമൽ ഹാസന്‍റെ രാജ്കമല് ഫിലിംസ് ആണ് നിര്‍മ്മാണം
രജനികാന്തും കമല്‍ ഹാസനും 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സൈമ അവാര്‍ഡ്സ് വേദിയില്‍ കമല്‍ ഹാസനും പിന്നീടൊരിക്കല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രജനികാന്തും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അഭിനേതാക്കളായി ഒരുമിക്കുന്ന ചിത്രത്തിന് മുന്‍പ് കമല്‍ ഹാസന്‍ നിര്‍മ്മിച്ച്, രജനികാന്ത് നായകനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആ പ്രോജക്റ്റിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. രജനികാന്തിന്‍റെ കരിയറിലെ 173-ാമത്തെ ചിത്രമാണ് കമല്‍ ഹാസന്‍റെ രാജ്കമല് ഫിലിംസ് നിര്‍മ്മിക്കുന്നത്.
നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതുപോലെ സുന്ദര്‍ സി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2027 പൊങ്കല്‍ റിലീസ് ആയിരിക്കും ചിത്രം. റെഡ് ജയന്‍റ് മൂവീസ് ആയിരിക്കും വിതരണം. വാര്‍ത്താ കുറിപ്പിലൂടെ രാജ്കമല്‍ ഫിലിംസ് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് അതികായരെ ഒന്നിപ്പിക്കുന്നു എന്നതിനൊപ്പം അഞ്ച് പതിറ്റാണ്ടിന്‍റെ സൗഹൃദവും സാഹോദര്യവും ആഘോഷിക്കുന്ന കൂട്ടായ്മ കൂടിയാണ് ഇതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്കമല്‍ ഫിലിംസിന്‍റെ 44-ാം വര്‍ഷത്തിലാണ് അവരുടെ ഈ അഭിമാന ചിത്രം വരുന്നത്. കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മാണം.
രജനികാന്തിന്‍റെ നായകനാക്കി അരുണാചലം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള സുന്ദര്‍ സി കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയത് അന്‍പേ ശിവമാണ്. മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെ 1995 ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് സുന്ദര്‍ സി. പിന്നീട് ഉള്ളത്തൈ അള്ളിത്താ, അരുണാചലം. അന്‍പേ ശിവം, കളകളപ്പ്, അറണ്‍മണൈ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 13 വര്‍ഷം പെട്ടിയിലിരുന്ന അദ്ദേഹത്തിന്‍റെ ചിത്രം മദഗജ രാജ ഈ വര്‍ഷം തിയറ്ററുകളിലെത്തി വലിയ വിജയം നേടിയിരുന്നു. ഗാഞ്ചേഴ്സ് ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. നയന്‍താരയെ നായികയാക്കി മൂക്കുത്തി അമ്മന്‍ 2 എന്ന ചിത്രം ഒരുക്കുകയാണ് ഇപ്പോള്‍ സുന്ദര്‍ സി. അതേസമയം രജനികാന്ത് നായകനായി അടുത്തതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ജയിലര്‍ 2 ആണ്. കോളിവുഡിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്.



