ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 'ബ്ലെസ്ഡ് ബി ദ ഈവിൾ' എന്ന ഹൊറർ ചിത്രത്തിലൂടെയാണ് കങ്കണയുടെ ഹോളിവുഡിലെ അരങ്ങേറ്റം.

ദില്ലി: ദേശീയ അവാർഡ് ജേതാവായ കങ്കണ റണൗട്ട് സിനിമയേക്കാള്‍ ഇപ്പോള്‍ തിളങ്ങുന്നത് രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലുമാണ്. ബിജെപി എംപിയായ നടിയുടെ സമീപകാല ചിത്രങ്ങള്‍ എല്ലാം ബോക്സോഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. ഇതിന് പിന്നാലെ പുതിയ നീക്കത്തിലാണ് താരം ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. 

'ബ്ലെസ്ഡ് ബി ദ ഈവിൾ' എന്ന ഹൊറർ ചിത്രത്തിലൂടെയാണ് കങ്കണയുടെ ഹോളിവുഡിലെ അരങ്ങേറ്റം.
വെറൈറ്റിയുടെ റിപ്പോർട്ട് പ്രകാരം ടീൻ വുൾഫ് നടൻ ടൈലർ പോസി, സ്കാർലറ്റ് റോസ് സ്റ്റാലോൺ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ കങ്കണ പ്രധാന വേഷത്തിലെത്തും.

ക്രിസ്ത്യൻ ദമ്പതികൾ ഭര്‍ഗം അലസിയതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട ഒരു ഫാമിലേക്ക് താമസം മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കാതല്‍. ലയൺസ് മൂവീസിൽ നിന്നുള്ള ഈ പ്രോജക്റ്റ്, ന്യൂയോർക്കിൽ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് എന്ന് വിവരം. 

"അടുത്തിടെ പ്രഖ്യാപിച്ച ട്രംപ് ഇൻഡസ്ട്രി താരിഫുകളിൽ നിന്ന് ഉടലെടുക്കുന്ന ഏതെങ്കിലും അനിശ്ചിതത്വങ്ങളിൽ അകപ്പെടാതിരിക്കാൻ. നിർമ്മാതാക്കൾ യുഎസിൽ ചിത്രീകരണം നടത്താൻ തീരുമാനിച്ചത്" എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം പറയുന്നത്. 

അനുരാഗ് രുദ്രയാണ് ബ്ലെസ്ഡ് ബി ദ ഈവിൾ സംവിധാനം ചെയ്യുന്നത്. ലയൺസ് മൂവീസിന്റെ പ്രസിഡന്റും സ്ഥാപകനുമായ ഗാത തിവാരിയുമായി സഹകരിച്ച് അദ്ദേഹമാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

"ഗ്രാമീണ ഇന്ത്യയിൽ ജനിച്ച് ഇന്ത്യയില്‍ കുട്ടിക്കാലം ചെലവഴിച്ച എനിക്ക്. മനസ്സിലും ഹൃദയത്തിലും പതിഞ്ഞ അനവധി നാടോടിക്കഥകൾ ഉണ്ടായിരുന്നു. അവയെല്ലാം വളരെ സവിശേഷമായിരുന്നു, എല്ലാ കഥകളും ഞാൻ ശരിക്കും വിശ്വസിച്ചിരുന്നു, സ്വപ്നങ്ങളെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ശക്തവും മനോഹരവുമായ മാർഗമായ സിനിമയിലൂടെ ഈ കഥകളെ അന്താരാഷ്ട്രതലത്തിൽ പ്രദർശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" സംവിധായകന്‍ അനുരാഗ് രുദ്ര പറയുന്നു. 

ടീൻ വുൾഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ചിത്രത്തിലെ നായകന്‍ ടൈലർ പോസി മുമ്പ് ട്രൂത്ത് ഓർ ഡെയർ പോലുള്ള ഹൊറർ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിൽവസ്റ്റർ സ്റ്റാലോണിന്റെയും ജെന്നിഫർ ഫ്ലാവിന്റെയും മകളായ സ്കാർലറ്റ് റോസ് സ്റ്റാലോൺ റീച്ച് മി പോലുള്ള ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനാണ്. അടുത്തിടെ നിക്കോളാസ് കേജിനൊപ്പം ദി ഗൺസ്ലിംഗേഴ്‌സിലും ഇവര്‍ അഭിനയിച്ചിരുന്നു.