പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ 'ഖലീഫ' ഒരു മാസ് ആക്ഷൻ ചിത്രമാണ്.
പ്രേക്ഷകരെ ആവേശഭരിതരാക്കി പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ' തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദർശനം തുടരുന്നു. ആദ്യ ദിനം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവർത്തകർ നടത്തി. പൃഥ്വിരാജിൻ്റെ മാസും ആക്ഷനും പഞ്ച് ഡയലോഗും ജേക്സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം പോസിറ്റീവ് റെസ്പോൺസാണ് നൽകുന്നത്. പൃഥ്വിരാജിൻ്റെ വ്യത്യസ്ത ലുക്കും മോഹൻലാലിൻ്റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൽ മറ്റ് സസ്പെൻസ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിൻ്റെ ട്രേഡ്മാർക്ക് മാസ് പാക്കേജ് സംവിധാനവും ചേർന്നതോടെ സിനിമ ബോക്സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.
നിഴലായി കൂടെ നടന്ന സുഹൃത്ത് സമദിനെ സഹോദരിയുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസം അമീർ അലി കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലിരുന്ന് സമദ് അമീർ അലിയുടെ കഥ പറയുകയാണ് കഥാസഞ്ചാരം. ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യില്‍ എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.
ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥയും നിർമ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രണ്‍ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓരോ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥാഗതിയോട് ചേർന്നുനിന്ന് മികച്ചതാക്കി. ചിത്രത്തിൻ്റെ ട്രെയിലർ അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ട്രെയിലറിൻ്റെ അവസാനത്തിൽ കാണിച്ചത് മോഹൻലാലിനെയാണോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. ചിത്രത്തിൻ്റെതായ് നേരത്തെ പുറത്തുവിട്ട് വാർത്തകളിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാരണത്താൽ പൃഥ്വിരാജിനോടൊപ്പം മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലിനെയും പ്രതീക്ഷിച്ചാണ് പ്രേക്ഷകർ 'ഖലീഫ' കാണാനെത്തിയത്.
ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത് സേവ്യർ.

