ഓഗസ്റ്റ് 10നാണ് ജയിലർ റിലീസ് ചെയ്തത്.
സമീപകാലത്ത് റിലീസ് ചെയ്തതിൽ ജയിലറിനോളം ഹൈപ്പും ആവേശവും ലഭിച്ച മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലോകമ്പാടുമുള്ള തിയറ്ററുകളിൽ നിറഞ്ഞ സദസിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തിൽ മോഹൻലാലും കൂടി എത്തിയതോടെ മലയാളികളുടെ ആവേശത്തിനും അതിരില്ലാതെ ആയി. ഒപ്പം ശിവരാജ് കുമാറും കസറി. ബീസ്റ്റിന്റെ പരാജയ ശേഷം ഒന്നിനും കൊള്ളാത്ത സംവിധായകൻ എന്ന് വിധിയെഴുതിയവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയാണ് നെൽസണും. എങ്ങും ജയിലറിന് ആശംസ പ്രവാഹം ഉയരുകയാണ്. 'നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..' എന്നാണ് ഏവരും സ്നേഹത്തോടെ ചോദിക്കുന്നത്. ജയിലർ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ സിനിമ കണ്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
നെൽസൺ ദിലീപ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ജയിലർ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി സർ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ ശരിക്കും സന്തുഷ്ടരാണ്", എന്നാണ് നെൽസൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെൽസൺ ഷെയർ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 10നാണ് ജയിലർ റിലീസ് ചെയ്തത്. നെൽസൺ ദിലീപ് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. തെന്നിന്ത്യൻ സിനിമയിലെ മൂന്ന് സൂപ്പർ താരങ്ങൾ നിറഞ്ഞാടിയ ചിത്രത്തിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, വിനായകൻ, വസന്ത് രവി, തമന്ന, യോഗി ബാബു തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. എന്തിരന് ശേഷം പക്കാ ഡെവിളിഷ് ലുക്കില്‍ രജനികാന്ത് എത്തിയ ചിത്രം കൂടി ആയിരുന്നു ജയിലർ. വിജയ് കാർത്തിക് കണ്ണൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിച്ച ചിത്രത്തിന് സംഗീതം നൽകിയത് അനിരുദ്ധ് ആണ്. ഗോകുലം മൂവീസ് ആണ് ജയിലർ കേരളത്തിൽ എത്തിച്ചിരിക്കുന്നത്.
