Asianet News MalayalamAsianet News Malayalam

സ്‌ക്രീനില്‍ മറ്റൊരു വിസ്മയത്തിനായി കാത്തിരിക്കാം; 'മാമാങ്കം' അവസാന ഷെഡ്യൂളിന് നാളെ തുടക്കം

കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്. പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി.
 

maamaankam final schedule to begin tomorrow
Author
Thiruvananthapuram, First Published May 7, 2019, 1:54 PM IST

സംവിധായകനെ മാറ്റിയതടക്കമുള്ള വിവാദങ്ങള്‍ കൊണ്ടും കാന്‍വാസിന്റെ വലിപ്പം കൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രം 'മാമാങ്കം' അവസാന ഷെഡ്യൂളിലേക്ക്. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയിരിക്കുന്ന 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലാണ് നാളെ ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം തുടങ്ങുക. സിനിമയില്‍ ഏറ്റവും പ്രാധാന്യമുള്ള മാമാങ്കം രംഗങ്ങളാണ് ഇനി പ്രധാനമായും ചിത്രീകരിക്കാനുള്ളത്. ജൂണ്‍ 15 വരെ 40 ദിവസത്തെ ഷെഡ്യൂളാണ് ഇത്.

കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്. പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി. പുതിയ ഷെഡ്യൂളിലെ മാമാങ്കം ചിത്രീകരണത്തില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്ന് അറിയുന്നു.

maamaankam final schedule to begin tomorrow

ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായാണ് 'മാമാങ്കം' ആദ്യം വാര്‍ത്തകളില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ സംവിധായകസ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. എം പത്മകുമാറാണ് തുടര്‍ന്ന് സംവിധായക സ്ഥാനത്തെത്തിയതും ചിത്രം പൂര്‍ത്തിയാക്കുന്നതും.

2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടി ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകിലെത്തുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്കുകളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Follow Us:
Download App:
  • android
  • ios