Asianet News MalayalamAsianet News Malayalam

'ഒരുപാട് ചിരിപ്പിച്ച പ്രേമേട്ടൻ'; കൊച്ചു പ്രേമന് ആദരാഞ്ജലികളുമായി മലയാള സിനിമ

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, മഞ്ജു വാര്യര്‍ ഉൾപ്പടെയുള്ള മുൻനിര താരങ്ങളും യുവ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. 

Malayalam film industry pays tribute to late actor Kochu Preman
Author
First Published Dec 3, 2022, 7:01 PM IST

കൊച്ചി: നടൻ കൊച്ചു പ്രേമന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് മലയാളി സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, മഞ്ജു വാര്യര്‍, ജയറാം ഉൾപ്പടെയുള്ള മുൻനിര താരങ്ങളും യുവ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. 

'പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിൻ്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം'എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

'കൊച്ചു പ്രേമന് ആദരാഞ്ജലികൾ', എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, 'ശ്രി. കൊച്ചുപ്രേമന് ആദരാഞ്ജലികൾ' എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.'കൊച്ചുപ്രേമൻ ചേട്ടന് വിട. നല്ല കലാകാരൻ, അതിലുപരി നല്ല മനുഷ്യൻ. പ്രണാമം. ആദരാഞ്ജലികൾ' എന്ന് മനോജ് കെ ജയനും 'കൊച്ചു പ്രേമൻ ചേട്ടൻ, വാക്കുകൊണ്ടല്ല, ജീവിതത്തിലും സഹോദര തുല്യനായിരുന്നു. ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച പ്രേമേട്ടൻ ഇനി എന്നും ഓർമ്മകളിൽ..... ആദരാഞ്ജലികൾ'- ദിലീപും കുറിക്കുന്നു.

"കൊച്ചു പ്രേമനായി വന്ന് മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനത്തെത്തി...ഷൂട്ട്  ഇല്ലാത്ത സമയങളിൽ എന്നെ ഒരുപാട് ചിരിപ്പിച്ച എന്റെ പ്രേമേട്ടാ....എന്നും ഉണ്ടാകും ഈ മനസ്സിൽ..." എന്നാണ് ജയറാം കുറിച്ചത്. "കൊച്ചു പ്രേമൻ ചേട്ടൻ….നിങ്ങളോടൊപ്പം ചിലവഴിച്ച സമയം ഞാൻ മിസ് ചെയ്യും...നിങ്ങളുമായി പങ്കിട്ട ചിരികൾ എന്നും നിലനിൽക്കും!!", എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകൾ. 

ഇന്ന് വൈകുന്നേരത്തോയാണ് മലയാളികളിൽ നെമ്പരമുണർത്തി കൊച്ചു പ്രേമൻ യാത്രയായത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ.

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ നിരാഹാരം കിടന്ന കൊച്ചു പ്രേമൻ

Follow Us:
Download App:
  • android
  • ios