ഓഗസ്റ്റ് 18 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്

രജനികാന്ത് ചിത്രവുമായുള്ള പേരിലെ സാമ്യത്തിന്‍റെയും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍. തമിഴ് ജയിലറിനൊപ്പം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന മലയാളം ജയിലറിന്‍റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു. അവസാനം ഓഗസ്റ്റ് 18 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സംവിധായകന്‍ സക്കീര്‍ മഠത്തില്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഇപ്പോഴിതാ ചിത്രം തനിക്ക് വരുത്തിവച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പറയുകയാണ് സക്കീര്‍. ഒരു രജനി ആരാധകന്‍ എന്ന നിലയില്‍ തമിഴ് ജയിലറിന്‍റെ വിജയത്തില്‍ താന്‍ സന്തോഷിക്കുന്നുണ്ടെന്നും എന്നാല്‍ തന്‍റെ ചിത്രം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തിവച്ചിരിക്കുന്നതെന്നും സക്കീര്‍ മഠത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സക്കീര്‍ മഠത്തിലിന്‍റെ കുറിപ്പ്

"തലൈവരുടെ ജയിലര്‍ വന്‍ വിജയമാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ രജനിക്ക് ലാഭവിഹിതവും ഒപ്പം ഒരു കാറും നല്‍കിയിരിക്കുന്നു. ഒരു രജനി ആരാധകന്‍ എന്ന നിലയില്‍ ഇതെന്നെ സന്തോഷിപ്പിക്കുന്നു. പക്ഷേ മലയാള ചിത്രം ജയിലറിന്‍റെ നിര്‍മ്മാതാവെന്ന നിലയില്‍ ഞാനിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. അത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നത് എന്നെ നിരാശപ്പെടുത്തുന്നു. ജയിലര്‍ എന്ന പേര് ആദ്യം രജിസ്റ്റര്‍ ചെയ്തതിന് ഈ ഭൂമിയില്‍ നിന്ന് ഞാന്‍ തുടച്ചുമാറ്റപ്പെടുന്നത് അവര്‍ കാണട്ടെ."

പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന മലയാളം ജയിലര്‍ 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലര്‍ ആണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ALSO READ : കളക്ഷന്‍ 630 കോടി! 'ഗദര്‍ 2' ല്‍ സണ്ണി ഡിയോളിന് ലഭിച്ച പ്രതിഫലം എത്ര?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക