ദിലീപ് ചിത്രം 'ഭഭബ'യിലെ ഒരു സംഭാഷണം പൃഥ്വിരാജിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മല്ലിക സുകുമാരൻ

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഭഭബ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ എത്തിയത്. വലിയ ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒടിടി റിലീസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡയലോ​ഗിനെക്കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ ഒരു സംഭാഷണത്തിന് നടി അക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രേക്ഷകരില്‍ ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടിയിരുന്നു.

“ഈ സംഭവത്തോടുള്ള എന്‍റെ പ്രതികരണം ഞാന്‍ അകത്ത് ഉന്നയിക്കും. തുടര്‍ന്ന് അവരുടെ ഭാഗത്തു നിന്ന് ഒരു സ്റ്റേറ്റ്‍മെന്‍റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കില്‍ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്”, എന്നാണ് സിനിമയില്‍ ധ്യാന്‍ അവതരിപ്പിച്ച ​ഗോഡ്സണ്‍ അഞ്ചരക്കണ്ടി ഭഭബയില്‍ പറയുന്നത്. ഇത് എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു അമ്മ യോ​ഗത്തിന് മുന്‍പ് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്‍റെ മാതൃകയില്‍ സൃഷ്ടിച്ചതാണെന്നാണ് ആരോപണം. ദി സ്റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭഭബയിലെ സംഭാഷണത്തെക്കുറിച്ചുള്ള മല്ലിക സുകുമാരന്‍റെ പ്രതികരണം.

മല്ലിക സുകുമാരന്‍റെ പ്രതികരണം

ചിത്രത്തിലെ ഡയലോ​ഗിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ‘ഉറപ്പല്ലേ. അത് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുക എന്നതാണ് ലക്ഷ്യം’, എന്നാണ് മല്ലിക സുകുമാരന്‍റെ മറുപടി. “ആ പടത്തെക്കുറിച്ചുതന്നെ ആളുകള്‍ പറഞ്ഞത് വലിയ ഗുണമൊന്നും ഇല്ല എന്നാണ്. ഓരോരുത്തര്‍ അവരുടെ അഭിപ്രായം പറയുന്നതാണ്. ഗണമുണ്ടോ ഇല്ലയോ, കാശ് കിട്ടിയോ എന്നതൊക്കെ അവരുടെ കാര്യം. പൃഥ്വിരാജ് പറഞ്ഞ ഒരു ഡയലോഗ് വെറുതെ ആവശ്യമില്ലാതെ ധ്യാന്‍ ശ്രീനിവാസനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു, പറയിപ്പിച്ചത് നിര്‍മ്മാതാവും സംവിധായകനും ആയിരിക്കും. അത് ധ്യാന്‍ പറഞ്ഞു. ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഡയലോഗ് പറയേണ്ട സാറേ എന്ന് പറയാമായിരുന്നു. എല്ലാവരും അവരുടെ സൗഹൃദത്തിന്‍റെ പുറത്ത് ഒത്തുകളിക്കുമ്പോള്‍ അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി. പൃഥ്വിരാജിന് ഇതൊന്നും പ്രശ്നമല്ല. ധ്യാന്‍ പറ‍ഞ്ഞാലും നാളെ ഇതിലും വലിയ നടന്മാര്‍ പറഞ്ഞാലും ഞാന്‍ കരുതുന്നത്, ഈ പറയുന്ന എല്ലാവരുടെയും പറച്ചിലും കാര്യങ്ങളും തിരുത്തേണ്ടിവരും. 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നത് അതാണ്. പറഞ്ഞത് അബദ്ധമായിപ്പോയി, പറയേണ്ടിയിരുന്നില്ല എന്ന് തന്നെ വരും”, മല്ലിക സുകുമാരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | School Kalolsavam | Rahul Mamkootathil | Malayalam Live News l Kerala news