ഓഗസ്റ്റ് 28നാണ് ലോക - ചാപ്റ്റർ വൺ: ചന്ദ്രയുടെ റിലീസ്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ മലയാളക്കരയുടെ മമ്മൂട്ടി വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താൻ ഒരുങ്ങുകയാണ്. കളങ്കാവൽ ആണ് ആ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുന്ന ചിത്രം. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. കളങ്കാവൽ ടീസർ അപ്ഡേറ്റാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന സിനിമയ്ക്കൊപ്പം കളങ്കാവൽ ടീസർ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. ഓഗസ്റ്റ് 28നാണ് ലോകയുടെ റിലീസ്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ചിത്രത്തില്‍ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം നടന്‍ വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിതിന്‍ കെ ജോസും വിഷ്‍ണു ശ്രീകുമാറും ചേര്‍ന്നാണ് കളങ്കാവലിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമ കൂടിയാണ് കളങ്കാവല്‍.
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ഡൊമിനിക് അരുൺ ആണ് ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ലോക ഒരു സൂപ്പര്‍ ഹീറോ ചിത്രം കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 28ന് തിയറ്ററുകളില്‍ എത്തും. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോകയുടെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടി കഴിഞ്ഞു.



