മോഹൻലാല്‍ നായകനായി എത്തുന്ന മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു. സിനിമ സെറ്റിനെ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോകളും പ്രേക്ഷകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാക്കിയിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കുറച്ച് രംഗങ്ങളാണ്  പ്രചരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ടീസറോ ട്രെയിലറോ അല്ല എന്ന് വ്യക്തമാക്കിയാണ് പ്രിയദര്‍ശൻ ചില രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച രംഗങ്ങള്‍ ഷൂട്ട് ചെയ്‍തതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രിയദര്‍ശനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. 100 കോടി രൂപയാണ് ബജറ്റ്.വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, മുധു, പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.