ചിത്രീകരണം പുരോഗമിക്കുന്ന വേട്ടൈയന്‍ സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്

കാലത്തിന്‍റെ പള്‍സ് അറിയാവുന്ന പുതുതലമുറ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഹിറ്റുകള്‍ ഉണ്ടാക്കുക. തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ നിലവിലെ കരിയര്‍ പ്ലാനിംഗ് ഇങ്ങനെയാണ്. കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജയിലറിലൂടെ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ലഭിച്ചത്. ജയിലറിന് ശേഷമെത്തുന്ന വേട്ടൈയന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ് ഇപ്പോള്‍. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രവും രജനിക്ക് പൂര്‍ത്തിയാക്കാനുണ്ട്. അതിന് പിന്നാലെയെത്തുന്ന പ്രോജക്റ്റിന്‍റെ സംവിധായകനെയും തീരുമാനിച്ചതായാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്‍റേതായ വഴി വെട്ടിയ മാരി സെല്‍വരാജ് ആണ് രജനികാന്തിന്‍റെ കരിയറിലെ 172-ാം ചിത്രം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരി സെല്‍വരാജ് ചിത്രത്തിന്‍റെ കഥ രജനികാന്തിനോട് പറഞ്ഞുവെന്നും വണ്‍ ലൈനില്‍ തന്നെ അദ്ദേഹം ഓകെ പറഞ്ഞെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. മുന്‍ ചിത്രങ്ങള്‍ പോലെ മാരിയുടെ രജനി ചിത്രവും ഒരു സോഷ്യല്‍ ഡ്രാമ ആയിരിക്കാനാണ് സാധ്യത. 

അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന വേട്ടൈയന്‍ സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍.

ALSO READ : 'ഡങ്കി' പരാജയമെന്ന് പറയുന്നവര്‍ അറിയാന്‍; ഷാരൂഖ് ഖാന്‍ തിരുത്തിയത് 10 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം