ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ മോഹൻലാല്‍ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്നു.
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭയാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ വാങ്ങിയപ്പോൾ, ഓരോ മലയാളികളുടെ മനസും അഭിമാനപൂരിതമായി മാറി. എങ്ങും പ്രശംസാവാചകങ്ങൾ മുഴങ്ങി കേട്ടു. അത്തരത്തിൽ പ്രിയ നടൻ ഫാൽക്കെ അവാർഡ് സ്വീകരിച്ചപ്പോൾ നടന്നൊരു അനുഭവം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാരി പങ്കുവയ്ക്കുകയാണ് ഇപ്പോൾ...
മേരി ജോസി എഴുതിയ കുറിപ്പ് വായിക്കാം..
എങ്കിലും എന്റെ ലാലേട്ടാ!!!
നേരം സന്ധ്യയോട് അടുക്കുന്നു. അന്നത്തെ സന്ധി സംഭാഷണങ്ങളെല്ലാം അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. ലാലേട്ടന് ഫാൽക്കെ പുരസ്കാരം കിട്ടിയ ദിവസം ആയതുകൊണ്ട് തന്നെ അന്നത്തെ ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോയി. ശബരിമലയിലെ അയ്യപ്പ സംഗമവും ട്രംപിന്റെ വിസപൂട്ടിനെ പറ്റിയുമുള്ള ചർച്ച ഇനി നാളെ ആകാം എന്ന് പറഞ്ഞ് മധ്യവയസ്ക സംഘം പിരിയാൻ തുടങ്ങുമ്പോഴായിരുന്നു ഫ്ലാറ്റിലെ ഒരു അന്തേവാസി പുതിയ ഒരു കാര്യം പറഞ്ഞ് എത്തിയത്.
“നിങ്ങളാരും നമ്മുടെ ഫ്ലാറ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കിയില്ലേ? എന്നാണ് ചോദ്യം. “Mrs. ഏലിയാമ്മ മാത്യു, 65വയസ്സ്, 10B ഇന്ന് വൈകുന്നേരം അഞ്ച് മണി തൊട്ട് മിസ്സിംഗ് ആണ്. മലയാള ഭാഷ വശമില്ല. കണ്ടുമുട്ടുന്നവർ ശോഭ ഫ്ലാറ്റിൽ എത്തിക്കണമെന്ന് അപേക്ഷ” എന്നായിരുന്നു മെസ്സേജ്.
എന്റെ ദൈവമേ! ഈ 65 വയസ്സുള്ള സ്ത്രീയെ ആര് പിടിച്ചുകൊണ്ടുപോയി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. ആറു മാസമേ ആയിട്ടുള്ളൂ ഈ ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയിട്ട്. ദില്ലിയിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്നു രണ്ടുപേരും. മക്കളൊക്കെ വിദേശത്തും. അതുകൊണ്ടുതന്നെ അവർക്ക് മലയാള ഭാഷ നന്നായി വഴങ്ങില്ല. ഹിന്ദിയും ഇംഗ്ലീഷും ആണ് അറിയുക.
ഫ്ലാറ്റിലെ തന്നെ താമസക്കാരായ കുറച്ചു നോർത്ത് ഇന്ത്യൻസ് ആയിട്ടാണ് അവർക്ക് കൂടുതൽ അടുപ്പം. വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് കണ്ടിട്ട് ആകാം രാത്രി പലരും ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് വരാൻ തുടങ്ങി. പ്രസിഡന്റും സെക്രട്ടറിയും ഒക്കെ കമ്മ്യൂണിറ്റി ഹാളിലേക്ക് തിരക്കിട്ട് ഓടുന്നത് കൊണ്ട് എല്ലാവരും അങ്ങോട്ട് കുതിച്ചു. അവിടെ ആകെ വിഷമിച്ച് ഇംഗ്ലീഷിൽ എന്തോ പിറുപിറുത്തു കൊണ്ട് മാത്യു സാർ ഇരിപ്പുണ്ട്. വൈഫ് വൈകുന്നേരം അഞ്ച് മണിയോടെ മിക്കവാറും താഴെ ബോംബെക്കാരുടെ ഫ്ലാറ്റിൽ സൊറ പറഞ്ഞിരിക്കാൻ പോകാറുണ്ട്. മാത്യുസർ സായാഹ്ന സവാരിക്കും.
രണ്ടുപേരും ഏഴുമണിയോടെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. പക്ഷേ ഇന്ന് ഏഴര ആയിട്ടും ഏലിയാമ്മ തിരിച്ചെത്തിയിട്ടില്ല. ബോംബെക്കാരുടെ ഫ്ലാറ്റിൽ അന്വേഷിച്ചപ്പോൾ ഇന്ന് അവർ അവിടെ ചെന്നിരുന്നില്ലെന്ന് അറിഞ്ഞു. അപ്പോഴാണ് ഒരു ഫ്ലാറ്റ് നിവാസി പറയുന്നത് ഏലിയാമ്മ ആന്റി മറ്റൊരു ഫ്ളാറ്റ് നിവാസിയുടെ കാറിൽ കയറി പോകുന്നത് താൻ കണ്ടുവെന്ന്. ഹാവൂ! എല്ലാവർക്കും ആശ്വാസമായി. അവർ എന്നും വൈകുന്നേരം അവിടെ അടുത്ത് ഒരു പള്ളിയിൽ കുർബാന കാണാൻ പോകുന്നവരാണ്. അവരുടെ കൂടെ പള്ളിയിൽ പോയി കാണും എന്ന് സമാധാനിച്ച് എല്ലാവരുംകൂടി അവരുടെ വീട്ടിലേക്കും കാർഷെഡിന് അടുത്തേക്കും നീങ്ങി. കാർ തിരികെ എത്തിയിട്ടില്ല. അവർ തിരിച്ചു വരുമ്പോൾ ഏലിയാമ്മ ആന്റി ഉണ്ടാകും എന്ന് സമാധാനിച്ച് എല്ലാവരും നിൽക്കുമ്പോഴാണ് അവരുടെ കാർ പതുക്കെ മെയിൻ ഗേറ്റ് കടന്നു വരുന്നത്. ആന്റി കാറിൽ നിന്ന് ഇറങ്ങും എല്ലാവരും കൂടി ചേർന്ന്, ഞങ്ങൾ ഇത്രയും നേരം വിഷമിച്ചു എന്ന് ഒരു വാക്ക് പറഞ്ഞു പോകാമെന്ന് കരുതി ഇരിക്കുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കാറ് തുറന്ന് ആ കുടുംബക്കാർ ഡിക്കിയിൽ നിന്ന് കുറെ ഷോപ്പിംഗ് ബാഗുകളുമായി ലിഫ്റ്റിന് അടുത്തേക്ക് നീങ്ങുന്നത് കണ്ടത്.
എല്ലാവരും കൂടി ഒറ്റശ്വാസത്തിൽ അവരെ സമീപിച്ച് നിങ്ങളുടെ കാറിൽ കയറിയ “ഏലിയാമ്മ ആന്റി എവിടെ“ എന്ന ചോദ്യം കേട്ട് അവർ അമ്പരന്നു. “അയ്യോ! ആന്റി ഇവിടെ തിരിച്ചെത്തിയില്ലേ? ഞങ്ങൾ പള്ളിയിൽ പോകാൻ ഇറങ്ങുമ്പോൾ ആന്റി ഇവിടെ നിൽക്കുന്നത് കണ്ട് ഭാര്യ പള്ളിയിലേക്ക് വരുന്നോ എന്ന് ചോദിച്ചു. വരുന്നു എന്ന് പറഞ്ഞു തങ്ങളുടെ കൂടെ കാറിൽ കയറി. പള്ളി കഴിഞ്ഞു തങ്ങൾക്ക് ഷോപ്പിംഗ് ഉണ്ടെന്നു പറഞ്ഞപ്പോൾ സാരമില്ല ഞാൻ പതുക്കെ നടന്ന് തിരികെ പൊയ്ക്കോളാം എന്ന് പറഞ്ഞു. കുർബാന കഴിഞ്ഞു ഞങ്ങൾ ടൗണിലേക്ക് ഷോപ്പിങ്ങിനും ആന്റി പതുക്കെ ഫ്ലാറ്റിലേക്ക് നടക്കുന്നത് കണ്ടു കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്”എന്നവർ.
നാട് വേണ്ടത്ര പരിചയം ഇല്ലാത്തതുകൊണ്ട് വഴി തെറ്റിയത് ആയിരിക്കുമെന്ന് കരുതി, രണ്ടു ചെറുപ്പക്കാർ ബൈക്കിൽ പള്ളിയിലേക്കുള്ള രണ്ട് പാരലൽ റോഡുകളിലും അന്വേഷിച്ചു വരാം എന്ന് പറഞ്ഞു പോയി. അവിടെ എങ്ങും ഏലിയാമ്മ ആന്റിയുടെ പൊടിപോലുമില്ല എന്ന് പറഞ്ഞ് 15 മിനിറ്റുനുള്ളിൽ അവർ തിരികെ എത്തി.
മാത്യു സാർ പേടിച്ചരണ്ട് കുഴഞ്ഞു വീഴുമെന്ന പരുവമായി. സമയം എട്ടു മണി. ഇനി എന്ത്?
ഫ്ലാറ്റ് നിവാസികൾ മിക്കവരും വിവരം അന്വേഷിച്ചു പുറത്ത് കൂട്ടം കൂടി നിൽക്കുകയാണ്. പോലീസിൽ അറിയിച്ചാലോ?എന്താണ് വേണ്ടത്? ഇവരുടെ ബന്ധുക്കളെ ആദ്യം വിവരം അറിയിക്കാമെന്ന തീരുമാനത്തിലെത്തി.
പക്ഷേ ഇവർക്ക് ആരുമായും വേണ്ടത്ര അടുപ്പം ഇല്ലാത്തതുകൊണ്ട് ആർക്കും ഒരു ഫോൺ നമ്പർ പോലും അറിഞ്ഞുകൂടാ.
പരിഭ്രാന്തനായിരിക്കുന്ന മാത്യു സാറിനോട് ഒന്നും ചോദിച്ചിട്ട് കാര്യവുമില്ല. ബോംബെക്കാർക്കും ഇവരുടെ ബന്ധുക്കളെ ഒന്നും അറിഞ്ഞുകൂടാ. എന്താണ് പോംവഴി? എല്ലാവരും കൂട്ടം കൂടി നിന്ന് ചർച്ച ചെയ്യുന്നത് അല്ലാതെ ആർക്കും എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ബംഗാളികൾ പിടിച്ചു കൊണ്ടു പോയിരിക്കുമോ? വണ്ടി തട്ടി വല്ലവരും ആശുപത്രിയിൽ എത്തിച്ചിരിക്കുമോ?
മണി എട്ടര ആയപ്പോൾ പ്രസിഡന്റ് അവിടെ കൂടി നിന്നവരോട് പറഞ്ഞു. പ്രമേഹരോഗികളും കൃത്യസമയത്ത് മരുന്നു കഴിക്കേണ്ടവരും ഒക്കെ വീട്ടിലേക്ക് തിരിച്ചു പോകു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ എല്ലാവരും പിരിഞ്ഞു പോകു. ഞങ്ങൾ ഉചിതമായ തീരുമാനം എടുത്തു കൊള്ളാം എന്ന്. അപ്പോഴാണ് അപ്രതീക്ഷിതമായി പ്രസിഡന്റിന്റെ ഫോണിലേക്ക് ഒരു കോൾ എത്തിയത്.
“സാർ,രക്ഷിക്കണം. ശിവകുമാർ ആണ്. ഞാനൊരു കുടുക്കിൽ പെട്ടിരിക്കുകയാണ്. ഞാൻ ഫ്രണ്ട് ഡോർ തുറന്നിട്ടു ടിവി കാണുകയായിരുന്നു. മോഹൻലാൽ ഇംഗ്ലീഷ് ചാനലുകാർക്ക് കൊടുത്ത ഇംഗ്ലീഷിലുള്ള ബൈറ്റ് കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് വാഷ് റൂമിൽ പോയി തിരിച്ചുവന്നപ്പോൾ എന്റെ സെറ്റിയിൽ പ്രൗഢയായ ഒരു സ്ത്രീ കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു ടിവി കണ്ട് ആസ്വദിക്കുന്നു. കണ്ടിട്ട് ഏതോ ഒരു ഉന്നത ഉദ്യോഗസ്ഥ ആണെന്ന് തോന്നുന്നു. ഞാൻ നമ്മുടെ ഫ്ലാറ്റിൽ ഇവരെ മുമ്പ് കണ്ടിട്ടില്ല. എന്റെ കുടുംബം ഇവിടെ ഇല്ല. ഭാര്യയുടെ ഫ്രണ്ട് ആണോ എന്ന് അറിഞ്ഞുകൂടാ. മനസ്സിലായില്ലല്ലോ എന്ന് ഒരു പ്രാവശ്യം പറഞ്ഞപ്പോൾ, ഷ്യു!!! കീപ് ക്വയറ്റ്. ലെറ്റ് മി ഹിയർ ദി ന്യൂസ് എന്ന് പറഞ്ഞു ഒറ്റ ഇരിപ്പ് ആണ്. അതുകൊണ്ട് പിന്നെ ഒന്നും ചോദിക്കാനും ടിവി ഓഫ് ചെയ്യാനും ധൈര്യം വന്നില്ല. കണ്ടിട്ട് ഒരു കള്ളിയോ ക്രിമിനലോ ആണെന്നെന്നും തോന്നുന്നില്ല. പക്ഷേ പലതരം സ്കാം നടക്കുന്ന കാലമല്ലേ? ഭയം കൊണ്ട് എനിക്ക് വെള്ളം കുടിക്കാൻ കിച്ചണിൽ പോകാൻ പോലും ധൈര്യമില്ലാതെ ഇരിക്കുകയാണ്. സാർ ഉടനെ ഇവിടെ വരെ ഒന്ന് വരണം” എന്ന്.
പ്രസിഡന്റും സെക്രട്ടറിയും അവിടെ കൂടി നിന്ന ജനങ്ങളും എല്ലാവരും കൂടി അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് ഒറ്റ കുതിപ്പിനു എത്തി. നോക്കിയപ്പോൾ ആള് അതു തന്നെ. ഏലിയാമ്മ മാത്യു. എല്ലാവരെയും കണ്ടു യാതൊരു വിചാര വികാരങ്ങളും ഇല്ലാതെ എല്ലാവർക്കും നമസ്കാരം പറഞ്ഞ് അവർ അവരുടെ ഫ്ലാറ്റിലേക്ക് കൂളായി നടന്നു പോയി.
കുറച്ചു ദിവസം കഴിഞ്ഞാണ് ഇതിന്റെ യഥാർത്ഥ വിവരമറിയുന്നത്. ഏലിയാമ്മ മാത്യൂസ് ഒരു അൽഷിമേഴ്സ് രോഗി ആണത്രേ! ‘തന്മാത്ര’ സിനിമയിൽ ലാലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന് വന്ന അസുഖം. നമ്മുടെ ഇന്നസെന്റ് പറയുന്ന ‘അംനീഷ്യം‘ തന്നെ സംഗതി.
കടുത്ത ലാലേട്ടൻ ആരാധിക ആയ ഏലിയാമ്മ രാവിലെ 11:00 തൊട്ട് ലാലേട്ടന്റെ പ്രസ് മീറ്റ് കണ്ടും കേട്ടും ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. മലയാളം ചാനലുകാർ ഒന്നും വേണ്ടത്ര പ്രാധാന്യത്തോടെ ലാലേട്ടന്റെ ഇംഗ്ലീഷ് ബൈറ്റ് കൊടുത്തിരുന്നില്ല. പള്ളിയിൽ നിന്ന് വന്നപ്പോൾ ന്യൂസ് 9 ലൈവിൽ ‘മോഹൻലാൽസ് ഫസ്റ്റ് റിയാക്ഷൻ ആഫ്റ്റർ വിന്നിങ് ദാദാസാഹേബ് ഫാൽക്കെ‘ അവാർഡ് എന്ന അവതാരകയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം ഒരു ഫ്ലാറ്റിൽ നിന്ന് കേട്ടപ്പോൾ ആളറിയാതെ ആ വീട്ടിൽ കയറി ഇരിപ്പായതാണ്.
എങ്കിലും എന്റെ ലാലേട്ടാ!!!
ഒരു അംനീഷ്യത്തിനും താങ്കളെ മറക്കാൻ കഴിയുന്നില്ലല്ലോ?ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ നടനവിസ്മയം ലാലേട്ടന് അഭിനന്ദനങ്ങൾ! ആശംസകൾ!
ഇനിയാണ് ഈ കഥയുടെ ആന്റി ക്ലൈമാക്സ്. ഇന്ന് അൽഷിമേഴ്സ് ദിനം കൂടി ആയിരുന്നത്രേ! ഏതായാലും ശോഭ ഫ്ലാറ്റ് നിവാസികളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ 21 ഇതൊരു മറക്കാത്ത ദിനമായി മാറി.
മേരി ജോസി മലയിൽ,
തിരുവനന്തപുരം.



