സിനിമയിലെ പൊള്ളത്തരങ്ങളും സിനിമാമോഹികളുടെ അതിജീവനവും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന 'ആശാൻ' എന്ന ചിത്രത്തിലെ 'മയിലാ സിനിമയിലാ' എന്ന റാപ്പ് ഗാനം പുറത്തിറങ്ങി.
സിനിമയ്ക്കുള്ളിലെ പൊള്ളത്തരങ്ങളെയും സിനിമാ മോഹികളുടെ അതിജീവന പോരാട്ടങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന 'ആശാൻ' എന്ന ചിത്രത്തിലെ പുതിയ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി. ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘മയിലാ സിനിമയിലാ‘ എന്ന് തുടങ്ങുന്ന റാപ്പ് ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാകുന്ന ഈ ചിത്രത്തിൽ, സിനിമാലോകത്തെ വിരോധാഭാസങ്ങളെയും കപടതകളെയും നിശിതമായി വിമർശിക്കുന്ന വരികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സിനിമയെ അതിതീവ്രമായി പ്രണയിക്കുന്നവരും ആത്മാർത്ഥമായി സമീപിക്കുന്നവരും നേരിടുന്ന അവഗണനയും വേദനയും ഈ ഗാനത്തിൽ ഉടനീളം പ്രകടമാണ്. ഒരേസമയം ഗൗരവമേറിയ ഒരു പ്രതിഷേധം രേഖപ്പെടുത്തുമ്പോൾ തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന എന്റർടൈൻമെന്റ് ഘടകങ്ങളും ഗാനത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു.
സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത റാപ്പർ എം.സി.ആർ.സി.എൽ (MCRCL) ആണ്. എം.സി.ആർ.സി.എല്ലും വിനായക് ശശികുമാറും ചേർന്നാണ് ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തിലെ വേഗതയാർന്ന ഡാൻസ് സ്റ്റെപ്പുകളും ഒപ്പം പ്രധാന വേഷങ്ങളിൽ എത്തുന്ന ഇന്ദ്രൻസ്, അബിൻ, ജ്യോതിഷ് എന്നിവരുടെ തന്മയത്വമുള്ള പ്രകടനവും പാട്ടിനെ ദൃശ്യപരമായി മികവുറ്റതാക്കുന്നു
റീത്ത റെക്കോർഡ്സ് എന്ന യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാൻ'. പ്രേക്ഷകഹൃദയം കവർന്ന 'ഗപ്പി', 'അമ്പിളി' എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആശാൻ‘ പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്!
ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദാൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിൻ്റെ ബാനറിൽ ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

മ്യൂസിക് പ്രൊഡക്ഷൻ & പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈൻസ്: അഭിലാഷ് ചാക്കോ, വെയ്ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. ഓവര്‍സീസ് പാര്‍ട്‌നര്‍: ഫാർസ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഓ: ഹെയിന്‍സ്.



